
ദില്ലി: ഡിജിറ്റല്‍ സ്വകാര്യത ഒരോ പൗരന്മാര്‍ക്കും തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയായി സിപിഐഎം.ലോക രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം നേടിവരുന്ന ഒന്നാണ് ഡിജിറ്റല്‍ സ്വകാര്യത. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഇത് സിപിഐഎം ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്‌ഷന്‍ 69 പലപ്പോഴായി സൂക്ഷ്മപരിശോധന നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് സുപ്രീംകോടതിക്കും നല്ല അഭിപ്രായമല്ല ഉള്ളത്. 2018ല്‍ തയാറാക്കിയ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്‌ഷന്‍ ബില്‍ പോലും വിവാദമാകുന്നത് ഈ കാര്യത്തിലാണ്. ഇതിന്‍റെ സെക്‌ഷന്‍ 49 സർക്കാരിന്റെ കൈയ്യില്‍ അധികാരം കേന്ദ്രികരിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ചും ആളുകളെ നിരീക്ഷിക്കാനും മറ്റും ഓര്‍ഡര്‍ ഇറക്കുന്ന കാര്യത്തില്‍ ഇതു കാണാം. കോടതിയുടെ ഇടപെടല്‍ പോലുമില്ലാതെ ഇതു ചെയ്യാവുന്ന രീതിയിലാണ് ഈ ആക്ട് കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് സിപിഎം പ്രകടനപത്രിക പറയുന്നു.
വ്യാപക സൈബര്‍ നിരീക്ഷണം നിർത്തുമെന്നും ആധാര്‍ ബയോമെട്രിക് സിസ്റ്റം എടുത്തു കളയുമെന്നുമാണ് സിപിഎം പ്രകടന പത്രികയിലെ വാഗ്ദാനം. ഈ വാഗ്ദാനം ആധാര്‍ സംബന്ധിയായി അടുത്ത കാലത്ത് പുറത്ത് എത്തിയ വിവാദങ്ങള്‍ കൂടി പരിഗണിച്ചാണ്. ആളുകളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്ന ഏതു നിരീക്ഷണവും കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം നടത്തുന്നത്. ഡേറ്റാ പ്രൈവസി നിയമ നിര്‍മാണം നടത്തി ഉറപ്പാക്കണം. ആളുകളുടെ പ്രൈവറ്റ് ഡേറ്റ സ്വകാര്യമോ, വാണിജ്യമോ ആയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്നുറപ്പു വരുത്തണമെങ്കില്‍ ഇതു വേണം. സുപ്രീം കോടതി മൗലിക അവകാശമായി പ്രഖ്യാപിച്ച സ്വകാര്യതയ്ക്കുളള അവകാശത്തിനെതിരയെുള്ള കടന്നു കയറ്റത്തെ 'ജാധിപത്യത്തിനെതിരെയുള്ള ആക്രമണമെന്നാണ്' സിപിഎം പ്രകടനപത്രിക വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ ബിസിനസ് സംരംഭങ്ങളില്‍ പകുതിയും ഉപയോക്താവിന്‍റെ വിവരങ്ങള്‍ ഉപയോഗിച്ച് കാശുണ്ടാക്കുന്നതായി സിപിഐഎം പറയുന്നു. ഇപ്പോള്‍ വേണ്ടത്ര ഡേറ്റാ സുരക്ഷിതമാക്കല്‍ മാര്‍ഗങ്ങള്‍ ഇല്ല. ടെലികോം കമ്പനികളുടെ ഇപ്പോള്‍ രാജ്യത്ത് പുലര്‍ത്തുന്ന കുത്തക മനോഭാവത്തേയും സിപിഎം പ്രകടനപത്രികയില്‍ വിമര്‍ശന വിധേയമാക്കുന്നു.