അന്ന് 'ഓട്ടോക്കാരന്റെ മകനും സ്റ്റാർട്ടപ്പോ' പരിഹാസം, ഇന്ന് ഷെല്ലിന്റെ 'ഇ4 ആക്സിലറേറ്ററി'ൽ; മന്ത്രി പറയുന്നു

By Web TeamFirst Published Mar 1, 2024, 4:35 PM IST
Highlights

'മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഷെല്ലില്‍ നിന്നുള്ള ഒരു പ്രതിനിധി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകും. ഇതോടെ നിലവില്‍ 200 കോടി രൂപ മൂല്യമുള്ള കമ്പനി ശതകോടികളുടെ വളര്‍ച്ച നേടും.'

തിരുവനന്തപുരം: കാക്കനാട് ഇന്‍ഫോ പാര്‍ക്കിലുള്ള ട്രാന്‍സ്മിയോ ഐടി സൊല്യൂഷനെക്കുറിച്ച് വിശദമായ കുറിപ്പുമായി മന്ത്രി പി രാജീവ്. കൊവിഡ് കാലഘട്ടത്ത് 'ഓട്ടോ തൊഴിലാളിയുടെ മകന് സ്റ്റാര്‍ട്ടപ്പോ' എന്ന് ഒരു വിഭാഗം പരിഹസിച്ച അങ്കമാലി സ്വദേശിയായ സഫില്‍ സണ്ണിയുടെ ട്രാന്‍സ്മിയോ കമ്പനി, ഇന്ന് ബ്രിട്ടീഷ് എണ്ണ-വാതക കമ്പനിയായ ഷെല്ലിന്റെ 'ഇ4 ആക്സിലറേറ്റര്‍' പ്രോഗ്രാമില്‍ ഇടംനേടിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

'കമ്പനിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഷെല്‍ സഹായം നല്‍കും. ഇതിനൊപ്പം മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഷെല്ലില്‍ നിന്നുള്ള ഒരു പ്രതിനിധി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുകയും ചെയ്യും.' ഇതോടെ നിലവില്‍ 200 കോടി രൂപ മൂല്യമുള്ള കമ്പനി ശതകോടികളുടെ വളര്‍ച്ച നേടുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 

പി രാജീവിന്റെ കുറിപ്പ്: 'ഓട്ടോ തൊഴിലാളിയുടെ മകനും സ്റ്റാര്‍ട്ടപ്പോ'' എന്ന് പരിഹസിച്ച ചിലര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറന്നു നോക്കാന്‍ തയ്യാറായാല്‍ ആ മകന്റെ സ്റ്റാര്‍ട്ടപ്പ് താണ്ടിയ ദൂരം കാണാന്‍ സാധിക്കും. അങ്കമാലി സ്വദേശിയായ സഫില്‍ സണ്ണി ആരംഭിച്ച ട്രാന്‍സ്മിയോ ഐ.ടി സൊലൂഷന്‍സ് ഇന്ന് ബ്രിട്ടീഷ് എണ്ണ-വാതക കമ്പനിയായ ഷെല്ലിന്റെ സ്റ്റാര്‍ട്ടപ്പ് ആക്‌സലേറ്റര്‍ പദ്ധതിയായ 'ഇ4 ആക്സിലറേറ്റര്‍' പ്രോഗ്രാമില്‍ ഇടംനേടിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുകയാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഷെല്‍ സഹായം നല്‍കും. ഇതിനൊപ്പം മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഷെല്ലില്‍ നിന്നുള്ള ഒരു പ്രതിനിധി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുകയും ചെയ്യും. ഇതോടെ നിലവില്‍ 200 കോടി രൂപ മൂല്യമുള്ള കമ്പനി ശതകോടികളുടെ വളര്‍ച്ച നേടുകയും ചെയ്യും. 

കേരളത്തിന്റെ വ്യവസായനയത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളിലൂന്നിയ ട്രാന്‍സ്മിയോ ഐ.ടി സൊലൂഷന്‍സ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എണ്ണ-വാതക പൈപ്പ് ലൈനുകളില്‍ നടക്കുന്ന മോഷണവും ചോര്‍ച്ചയും മനസിലാക്കാനുള്ള സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും വികസിപ്പിച്ചിരുന്നു. ഇതാണ് ഷെല്‍ കമ്പനിയെ കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പിനെ തങ്ങളുടെ പ്രോഗ്രാമിലേക്ക് ഉള്‍പ്പെടുത്താന്‍ കാരണമായത്. കേരളത്തില്‍ നിന്നുയര്‍ന്നുവന്ന് വിദേശരാജ്യങ്ങളിലുള്‍പ്പെടെ ശ്രദ്ധിക്കപ്പെടുന്ന വളര്‍ച്ച നേടുന്ന ഒരു കമ്പനി ഒരിക്കലും ഒരു വിവാദത്തിനുള്ള സാധ്യതകള്‍ തുറന്നുതരുന്നില്ലെന്നിരിക്കെ, നാടിനാകെ അഭിമാനമാകുന്ന, നിരവധിയായിട്ടുള്ള സംരംഭകര്‍ക്ക് പ്രചോദനമാകുന്ന ഈ വാര്‍ത്ത വ്യവസായത്തിനായി നല്‍കുന്ന പേജിലെ ഒരു കോളത്തിലെങ്കിലും കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സഫില്‍ സണ്ണിയേയും ടീമിനെയും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

'ഒന്നര വര്‍ഷമായി ഒന്നിച്ച് താമസം, സ്ഥിരം വഴക്ക്'; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി 
 

click me!