
ലാഹോര്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കൊവിഡ് വാക്സിന്‍. എന്നാല്‍ പല തെറ്റിദ്ധാരണയില്‍ ലോകത്തിലെ വിവിധ ഭാഗത്ത് വാക്സിനേഷന് താല്‍പ്പര്യം കാണിക്കാതെ അനവധിപ്പേരാണ് ഉള്ളത്. ഇത്തരം നാടുകളില്‍ വാക്സിനേഷന്‍ ചെയ്യാത്തവരെ മെരുക്കാന്‍ നിയമനടപടികള്‍ കര്‍ശ്ശനമാക്കുകയാണ് അധികാരികള്‍. ഇത്തരം ഒരു കടുത്ത തീരുമാനമാണ് പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ കഴിഞ്ഞ വ്യാഴാഴ്ച എടുത്തത്
വാക്സീനെടുക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്നാണ് പാകിസ്ഥാന്‍ പഞ്ചാബിലെ പുതിയ ഉത്തരവ്. വാക്സീൻ എടുക്കാന്‍ വിസമ്മതിക്കുന്നവർക്കെതിരെ പാക്കിസ്ഥാനില്‍ ഇത് ആദ്യമായാണ് ഒരു നടപടി സര്‍ക്കാര്‍ തലത്തില്‍ വരുന്നത് എന്ന പ്രത്യേകതയും ഈ ഉത്തരവിനുണ്ട്. വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിനും പഞ്ചാബ് പ്രവിശ്യാ സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളിലൊന്നാണിത്. ജൂൺ 12 മുതൽ എല്ലാ മുതിർന്നവരും വാക്സീനേഷന് തയാറാകാണം എന്നാണ് പാക് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്.
വാക്സീനെടുക്കാൻ വിസമ്മതിക്കുന്നവരുടെ മൊബൈൽ സിം കാർഡുകൾ റദ്ദാക്കാൻ അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പ് വക്താവ് സയ്യിദ് ഹമ്മദ് റാസ പറഞ്ഞു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിൽ പ്രവിശ്യയിലെ പ്രധാന ആരാധനാലയങ്ങൾക്ക് പുറത്ത് മൊബൈൽ വാക്സീനേഷൻ ക്യാംപുകൾ തുടങ്ങാനും ജനസംഖ്യയുടെ 20 ശതമാനമെങ്കിലും വാക്സീനേഷൻ നൽകിയിട്ടുള്ള എല്ലാ ജില്ലകളിലും സാധാരണ രീതിയില്‍ പ്രവര്‍ത്തനങ്ങളും കടകളും നടത്താനും അനുമതിയുണ്ട്.