6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

By Web TeamFirst Published Mar 22, 2023, 9:14 PM IST
Highlights

ഈ പുതിയ 6ജി മാര്‍ഗ്ഗരേഖയ്ക്കൊപ്പം തന്നെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 

ദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുന്നു. ഇതിന്‍റെ മുന്നോടിയായി രാജ്യത്തിന്‍റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കി. അടുത്ത തലമുറ ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ഗ്ഗരേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 

2021 നവംബറിൽ സ്ഥാപിതമായ 6ജി (ആറാം തലമുറ മൊബൈൽ നെറ്റ്‌വർക്ക്)  ടെക്നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6ജി മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് ഈ സംഘത്തില്‍ ഉള്ളത്. ഇന്ത്യയിൽ 6ജി നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളും, അനുബന്ധ സൌകര്യങ്ങളും വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഈ സംഘം നല്‍കും. 

ഈ പുതിയ 6ജി മാര്‍ഗ്ഗരേഖയ്ക്കൊപ്പം തന്നെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 

ഭാരത് 6 ജി വിഷൻ ഡോക്യുമെന്റും 6 ജി ടെസ്റ്റ് ബെഡും ഒത്ത് ചേര്‍ന്നാല്‍ രാജ്യത്ത് വേഗത്തിലുള്ള 6ജി സാങ്കേതികവിദ്യ പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.  

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്യവെ  ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6ജി അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിലേക്കായി യുവാക്കളോടും ഗവേഷകരോടും പുതിയ കണ്ടുപിടുത്തവുമായി എത്താന്‍ പ്രധാനമന്ത്രി അന്ന് നിര്‍ദേശിച്ചിരുന്നു. 

6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍; കാരണം വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി

click me!