അശ്ലീല ദൃശ്യങ്ങള്‍; നാല് ലക്ഷം ഉപയോക്താക്കളുള്ള വെബ്‌സൈറ്റ് പൂട്ടിച്ച് പൊലീസ്

By Web TeamFirst Published May 5, 2021, 5:16 PM IST
Highlights

നിയമവിരുദ്ധമായ ചിത്രങ്ങളും വീഡിയോകളും ആക്‌സസ് ചെയ്യുന്നതിനായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ പോലീസിനെ എങ്ങനെ ഒഴിവാക്കണമെന്ന് വെബ്‌സൈറ്റിന്റെ രജിസ്റ്റര്‍ ചെയ്ത 400,000 അംഗങ്ങളെ ഇവര്‍ ഉപദേശിച്ചിരുന്നുവത്രേ. 

ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റുകളിലൊന്നിന് പൂട്ടു വീണു. ജര്‍മ്മന്‍ പോലീസിന്റെ നിരന്തരശ്രമമാണ് ഇതിനു പിന്നില്‍. വെബ്‌സൈറ്റ് ഷട്ട്ഡൗണ്‍ ചെയ്യുകയും ഡാര്‍ക്ക് വെബ് ഫോറത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിന് ശേഷം അതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ബോയ്സ്റ്റൗണ്‍' എന്നായിരുന്നു വെബ്‌സൈറ്റിന്റെ പേര്. ഇതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരാണെന്ന് സംശയിക്കുന്ന മൂന്ന് പേരെയും, ഒരു ഉപയോക്താവിനെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാഡെര്‍ബോര്‍ണില്‍ നിന്നുള്ള നാല്‍പ്പതുകാരനും മ്യൂണിക്കില്‍ നിന്നുള്ള അമ്പതുകാരനും വടക്കന്‍ ജര്‍മ്മനിയില്‍ നിന്നുള്ള അമ്പത്തെട്ടുകാരനുമായിരുന്നു വെബ്‌സൈറ്റ് നടത്തിപ്പിനു പിന്നില്‍. ഇതിലൊരാള്‍ പരാഗ്വേയിലാണ് നിരവധി വര്‍ഷങ്ങളായി താമസിക്കുന്നത്. ജര്‍മന്‍ അധികൃതര്‍ അദ്ദേഹത്തെ കൈമാറാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ ചിത്രങ്ങളും വീഡിയോകളും ആക്‌സസ് ചെയ്യുന്നതിനായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ പോലീസിനെ എങ്ങനെ ഒഴിവാക്കണമെന്ന് വെബ്‌സൈറ്റിന്റെ രജിസ്റ്റര്‍ ചെയ്ത 400,000 അംഗങ്ങളെ ഇവര്‍ ഉപദേശിച്ചിരുന്നുവത്രേ. പ്ലാറ്റ്‌ഫോമിലെ ഏറ്റവും സജീവമായ ഉപയോക്താക്കളില്‍ ഒരാളാണ് ഹാംബര്‍ഗില്‍ നിന്നുള്ള 64 കാരനായ നാലാമത്തെ പ്രതി. ഇയാള്‍ മാത്രം ഏകദേശം 3,500 പോസ്റ്റുകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായി ആരോപിക്കപ്പെടുന്നു. 'ബോയ്സ്റ്റൗണ്‍' 'ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റുകളില്‍ ഒന്നാണെന്നാണ് നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ അറിയപ്പെടുന്നത്. ഇത്, 2019 മുതല്‍ സജീവമാണ്.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളായിരുന്നു സൈറ്റിന്റെ ഉപയോക്താക്കള്‍. 'പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റവും കഠിനമായി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങളു വീഡിയോകളുമാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.' അവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. ജര്‍മ്മന്‍ പോലീസ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഡാര്‍ക്ക് വെബില്‍ നിന്നുള്ള ഒരു സൈറ്റിനെതിരേയുള്ള അന്വേഷണവും അറസ്റ്റും വെബ് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. 

ഈ ഡാര്‍ക്ക് വെബ്‌സൈറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍വ്വഹണ ഏജന്‍സിയായ യൂറോപോളുമായും നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള അധികാരികളുമായും സഹകരിച്ചതായി ടാസ്‌ക് ഫോഴ്‌സ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ ഏഴ് കെട്ടിടങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തിരുന്നു. ഡാര്‍ക്ക് വെബ് ആക്‌സസ് ചെയ്യുന്നത് നിയമവിരുദ്ധമല്ല, പക്ഷേ ഇത് ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതു നിയമവിരുദ്ധമാണ്. ഇത് ഇന്റര്‍നെറ്റിന്റെ ഒരു ഭാഗമാണെങ്കിലും മറ്റൊരാളുടെ അംഗീകാരത്തോടെയോ നിര്‍ദ്ദിഷ്ട സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ മാത്രമേ ഇത് ആക്‌സസ് ചെയ്യാന്‍ കഴിയൂ, അതിനാല്‍ ഇത് ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്നു.

click me!