ട്രെയിനുകളില്‍ വൈഫൈ നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Aug 4, 2021, 8:25 PM IST
Highlights

ഇത് ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഇത് ഉപേക്ഷിക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രി അറിയിച്ചത്. 

ദില്ലി: രാജ്യത്ത് ഓടുന്ന ട്രെയിനുകളില്‍ വൈഫൈ ഇന്‍റര്‍നെറ്റ് നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ബുധനാഴ്ച ഈ കാര്യം പാര്‍ലമെന്‍റിനെ അറിയിച്ചത്. ഇത് ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഇത് ഉപേക്ഷിക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രി അറിയിച്ചത്. 

എഴുതി നല്‍കിയ മറുപടിയില്‍ ലോക്സഭയില്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ, ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസില്‍ വൈഫൈ അടിസ്ഥാനമാക്കി ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്. 

എന്നാല്‍ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാല്‍ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോഴും കൃത്യമായ ബാന്‍റ് വിഡ്ത്തില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാല്‍ ട്രെയിനുകളില്‍ നല്ല രീതിയില്‍ ഇന്‍റര്‍നെറ്റ് നല്‍കാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണ്.

2019 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ട്രെയിനുകളില്‍ വൈഫൈ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത്, അതിന്‍റെ പൈലറ്റ് പദ്ധതി നടപ്പിലാക്കിയത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 90 ശതമാനം ട്രെയിനുകളില്‍ ഇത് നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതിയാണ് ലാഭകരമല്ലെന്ന കാരണത്താല്‍ ഉപേക്ഷിക്കുന്നത്.

അതേ സമയം രാജ്യത്തെ 6,000ത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൌജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്ന പദ്ധതി റെയില്‍വേ തുടരും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍ടെല്‍ എന്ന പൊതുമേഖല സ്ഥാപമാണ് ഇതിന്‍റെ ചുമതലക്കാര്‍. 

click me!