Jio 5G Test : അതുക്കും മേലേ.. ജിയോയുടെ 5ജി ടെസ്റ്റിന്‍റെ റിസല്‍ട്ട് പുറത്ത്

By Web TeamFirst Published Jan 29, 2022, 11:40 AM IST
Highlights

ഇന്ത്യയിലുടനീളമുള്ള 1,000 മുൻനിര നഗരങ്ങൾക്കായി 5ജി കവറേജ് പ്ലാനിങ് പൂർത്തിയാക്കിയതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 13 മെട്രോ നഗരങ്ങളിൽ മാത്രമാണ് 5ജി ലഭിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. 5ജിയിൽ ഇതിനകം തന്നെ വിവിധ ടെലികോം കന്പനികള്‍ വലിയതോതില്‍ ടെസ്റ്റുകള്‍ നടത്തുകയാണ്. ഇപ്പോള്‍ ഇതാ ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ ജിയോയുടെ 5ജി ടെസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള 1,000 മുൻനിര നഗരങ്ങൾക്കായി 5ജി കവറേജ് പ്ലാനിങ് പൂർത്തിയാക്കിയതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആദ്യ ട്രയൽ റണ്ണിനായി ജിയോ സ്വന്തം സാങ്കേതിക സംവിധാനങ്ങളും 5ജി ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിനിടെ ജിയോയുടെ 5ജി സ്പീഡ് ടെസ്റ്റ് വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതിനു മുൻപേ ഓൺലൈനിൽ ചോര്‍ന്നുവെന്നാണ് വിവരം.

91മൊബൈൽസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, നിലവിലുള്ള 4ജി നെറ്റ്‌വർക്കുമായി താരതമ്യം ചെയ്താൽ റിലയൻസ് ജിയോയുടെ 5ജി നെറ്റ്‌വർക്കിന് എട്ട് മടങ്ങ് ഡൗൺലോഡ് വേഗവും 15 മടങ്ങ് അപ്‌ലോഡ് വേഗവും വാഗ്ദാനം ചെയ്യാൻ പ്രാപ്തമാണ്. 420 എംബിപിഎസ് വേഗത്തിലും 412 എംബിപിഎസ് അപ്‌ലോഡ് വേഗത്തിലും ഡൗൺലോഡ് ചെയ്യാൻ ജിയോയ്ക്ക് കഴിയുമെന്നും ഇത് കാണിക്കുന്നു.

ഇതിനർഥം ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ഡൗൺലോഡ് ചെയ്യാം. മുംബൈയിൽ ജിയോയുടെ 4ജി നെറ്റ്‌വർക്കിന് 46.82എംബിപിഎസ് ഡൗൺലോഡ് വേഗവും 25.31എംബിപിഎസ് അപ്‌ലോഡ് വേഗവും ഉണ്ട്. ഇതിനേക്കാൾ എത്രയോ മുകളിലാണ് ജിയോ 5ജിയുടെ വേഗം. എന്നാൽ, 5ജിയും ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ ഇത്രയും വേഗം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ 5ജിയുടെ നിലവിലെ വേഗം ലഭിച്ചേക്കില്ല.

click me!