Jio : തിരിച്ചടിയില്‍ നിന്നും കരകയറി ജിയോ; 'വി' കഷ്ടത്തില്‍ തന്നെ

By Web TeamFirst Published Jan 20, 2022, 4:21 PM IST
Highlights

അതേ സമയം എയര്‍ടെല്ലിനും നവംബര്‍‍ നേട്ടമുണ്ടാക്കിയെന്നാണ് ട്രായി കണക്കുകള്‍ പറയുന്നത്. 13.18 ലക്ഷം പുതിയ ഉപയോക്താക്കള്‍ എയര്‍ടെല്ലില്‍ കണക്ഷന്‍ തേടിയെത്തി. 

മുംബൈ: നവംബര്‍ മാസത്തില്‍ റിലയന്‍സ് ജിയോ പുതുതായി 20.19 ലക്ഷം വരിക്കാരെ പുതുതായി ചേര്‍ത്തതായി കണക്കുകള്‍. സെപ്തംബറില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും ഒക്ടോബറോടെ കരകയറിയ ജിയോ നവംബറില്‍ വീണ്ടും പുതിയ വരിക്കാരെ കൂടുതലായി ചേര്‍ത്തു. (TRAI) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം നവംബറിൽ ജിയോയ്ക്ക് നവംബറില്‍ കൂടുതലായി ലഭിച്ചത് 20.19 ലക്ഷം ഉപയോക്താക്കളെയാണ്. ഇതോടെ ജിയോയുടെ ഇന്ത്യയിലെ വരിക്കാരുടെ എണ്ണം 42.86 കോടിയായി.

അതേ സമയം എയര്‍ടെല്ലിനും നവംബര്‍‍ നേട്ടമുണ്ടാക്കിയെന്നാണ് ട്രായി കണക്കുകള്‍ പറയുന്നത്. 13.18 ലക്ഷം പുതിയ ഉപയോക്താക്കള്‍ എയര്‍ടെല്ലില്‍ കണക്ഷന്‍ തേടിയെത്തി. എയര്‍ടെല്ലിന്‍റെ വരിക്കാരുടെ എണ്ണം ഇതോടെ 35.52 കോടിയായി വര്‍ദ്ധിച്ചു. അതേ സമയം സാമ്പത്തിക പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയ (VI)യില്‍‍ നിന്നും ഉപയോക്താക്കള്‍ ചോരുന്ന കഴ്ചയ്ക്കാണ് നവംബര്‍ സാക്ഷിയായത്. 18.97 ലക്ഷം ഉപയോക്താക്കളെ നവംബറില്‍ മാത്രം വി ക്ക് നഷ്ടമായി. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 26.71 കോടിയായി. ബി‌എസ്‌എൻ‌എല്ലിന് നവംബറിൽ 2.4 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.31 കോടിയുമായി.

അതേ സമയം രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം നവംബർ അവസാനത്തോടെ 1,16.75 കോടിയായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 1.20 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലെ സജീവ മൊബൈല്‍ വരിക്കാരുടെ എണ്ണം ഒക്ടോബറിലെ 65.88 കോടിയിൽ നിന്ന് നവംബർ അവസാനത്തിൽ 66.08 കോടിയായി ഉയർന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ഒക്ടോബറിലെ 53.07 കോടിയിൽ നിന്ന് നവംബറിൽ 53.09 കോടിയായി ഉയർന്നിട്ടുണ്ട്.  നവംബറിൽ 7.33 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഒക്ടോബറിലെ 645.54 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 652.88 ദശലക്ഷമായി വർധിച്ചു.

click me!