കിടിലൻ 5ജിക്കായി ജിയോയും വൺപ്ലസും ഒന്നിക്കുന്നു

By Web TeamFirst Published Jan 28, 2024, 10:50 AM IST
Highlights

ജിയോയുമായി പങ്കാളിത്തം ഉറപ്പിച്ചത് കണക്ടിവിറ്റിയുടെ ഭാവിയിലേക്കുള്ള ധീരമായ ചുവടുവെപ്പാണെന്ന് വൺപ്ലസ്

ഇനി റിലയൻസ് ജിയോയും വൺപ്ലസും പാർട്ണേഴ്സ്. 5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായാണ് ടെലികോം കമ്പനിയായ റിലയൻസ് ജിയോയും വൺപ്ലസും പങ്കാളിത്തം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വൺപ്ലസ്, ജിയോ ട്രൂ5ജി ഉപയോക്താക്കൾക്ക് മികച്ച നെറ്റ്വർക്ക് എക്സ്പീരിയൻസ് നല്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. ഇരു കമ്പനികളും ചേർന്ന് അത്യാധുനിക 5ജി ഇന്നോവേഷൻ ലാബ് സജ്ജീകരിക്കും.

ജിയോയുമായി പങ്കാളിത്തം ഉറപ്പിച്ചത് കണക്ടിവിറ്റിയുടെ ഭാവിയിലേക്കുള്ള ധീരമായ ചുവടുവെപ്പാണെന്നാണ് വൺപ്ലസ് പറയുന്നത്. ജിയോയും വൺപ്ലസ് ഇന്ത്യയും ചേർന്ന് രാജ്യത്തെ 5ജി മേഖല പുനർനിർവചിക്കുന്നതിനും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത സാധ്യതകള്‍ തുറന്നു നൽകുന്നതിനും സഹായിക്കുമെന്നും കമ്പനി വക്താക്കൾ കൂട്ടിച്ചേർത്തു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച 5ജി നെറ്റ്വർക്കാണ് ട്രൂ 5ജി എന്ന് ജിയോ അവകാശപ്പെടുന്നു. രാജ്യം മുഴുവൻ ജിയോ കവറേജ് നല്കുന്നുണ്ട്. രാജ്യത്തെ മൊത്തം 5ജി വിന്യാസത്തിന്റെ 85 ശതമാനം ജിയോയുടെതാണെന്ന് പറയാം. തങ്ങളുടെ ഉപയോക്താക്കൾക്ക് 5ജി എക്സ്പീരിയൻസ് പരിചയപ്പെടുത്താനുള്ള സമയമാണിതെന്നും കമ്പനി കൂട്ടിച്ചേർത്തു. വൺപ്ലസുമായുള്ള ഈ പങ്കാളിത്തത്തെ അത്തരമൊരു ചുവടുവെപ്പായി കാണുന്നുവെന്നും ജിയോ വക്താവ് പറഞ്ഞു. മെച്ചപ്പെട്ട ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്കൊപ്പം നല്ല 5ജി അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും ജിയോ വ്യക്തമാക്കി. മെച്ചപ്പെട്ട 5ജി അനുഭവം ലഭ്യമാക്കാന്‍ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്നൊവേഷൻ ലാബ് പ്രവർത്തിക്കും. കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത്.

ഉപഭോക്താക്കൾക്ക് നൽകുന്ന അൺലിമിറ്റഡ്  5ജി ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും ഭാരതി എയർടെലും പിൻവലിക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക് കമ്പനികൾ ഈടാക്കിത്തുടങ്ങിയേക്കുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നുണ്ട്. അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5ജി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായാണിത്. സെപ്റ്റംബറോടെ ജിയോയും എയർടെലും മൊബൈൽ താരിഫ് നിരക്കുകൾ 20 ശതമാനത്തോളം വർധിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

click me!