ജിയോയുടെ വേഗത കുത്തനെകൂടി; കാരണമായത് ഇത്, റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Aug 13, 2021, 9:03 PM IST
Highlights

ജിയോ ഈ വർഷം ഏകദേശം 58,000 കോടി രൂപയ്ക്ക് വാങ്ങിയ അധിക സ്പെക്ട്രം വിവിധ ടെലികോം സർക്കിളുകളിലായി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

മുംബൈ: റിലയൻസ് ജിയോയുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടിയെന്ന്  ഓക്‌ലയുടെ റിപ്പോർട്ട്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാർച്ചിൽ ഇത് 5.96 എംബിപിഎസ് ആയിരുന്നു. അതേസമയം, ട്രായിയുടെ കണക്കുകളിൽ ജിയോയുടെ ഡൗൺലോഡ് വേഗം 18 എംബിപിഎസിന് മുകളിലാണ് കാണിക്കുന്നത്.

നാലു മാസത്തിനുള്ളിൽ പത്തിരട്ടിയാണ് ജിയോയുടെ ഡൌണ്‍ലോഡ് വേഗത കൂടിയത്. ഇതിന് കാരണമായത് ജിയോ അധിക സ്പെക്ട്രം വിന്യസിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജിയോ ഈ വർഷം ഏകദേശം 58,000 കോടി രൂപയ്ക്ക് വാങ്ങിയ അധിക സ്പെക്ട്രം വിവിധ ടെലികോം സർക്കിളുകളിലായി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

5ജി വരുന്നതോടെ ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗം പത്ത് മടങ്ങ് വർധിക്കുമെന്നാണ് ഓക്‌ലയുടെ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാനകാര്യം. 4ജിയുമായി താരതമ്യം ചെയ്യുമ്പോൾ 5ജി ഡൗൺലോഡ് വേഗം 9 മുതൽ 10 മടങ്ങ് വരെ വർധിച്ച മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റ പ്രകാരമാണ് ഓക്‌ലയുടെ റിപ്പോര്‍ട്ടിലെ അനുമാനം. നിലവിലെ 4ജി വേഗത പരിഗണിക്കുമ്പോള്‍ ജിയോയുടെ 5ജി വേഗം 130 എംബിപിഎസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ പുതുതായി വാങ്ങിയ സ്പെക്ട്രം ഉപയോഗിക്കുക വഴി ടെലികോം ഉപഭോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം നൽകുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ 5ജി തുടങ്ങാൻ വൈകുന്നത് നെറ്റ്‌വർക്ക് ഉപകരണങ്ങളും 5ജി സാങ്കേതികവിദ്യയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് ഓക്‌ല കരുതുന്നത്.

click me!