പേടിഎമ്മിനെതിരെ ശക്തമായ പ്രതികരണവുമായി റിലയന്‍സ് ജിയോ

By Web TeamFirst Published Jun 22, 2020, 11:48 AM IST
Highlights

സാമ്പത്തിക ഉത്തരവാദിത്വം വെച്ചൊഴിയാനുമാണ് അടുത്തിടെ പേടിഎം നല്‍കിയ ഹര്‍ജിയിലൂടെ ശ്രമിക്കുന്നത് എന്നാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ  ജിയോ സത്യവാങ്മൂലത്തില്‍ പറയുന്നത്.
 

ദില്ലി: പേടിഎം ആപ്പിനെതിരെ ശക്തമായ പ്രതികരണവുമായി റിലയന്‍സ് ജിയോ. ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ജിയോ പേമെന്‍റ് ആപ്പായ പേടിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പേടിഎമ്മിന്‍റെ ആപ്പില്‍ സംഭവക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ പേടിഎം ശ്രമിക്കുന്നു എന്നാണ് റിലയന്‍സ് കുറ്റപ്പെടുത്തുന്നത്.

പേടിഎം ആപ്പ് ഉപയോക്താക്കള്‍ നേരിടേണ്ടിവരുന്ന പിഷിംഗ് ആക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനും, അതിന്‍റെ സാമ്പത്തിക ഉത്തരവാദിത്വം വെച്ചൊഴിയാനുമാണ് അടുത്തിടെ പേടിഎം നല്‍കിയ ഹര്‍ജിയിലൂടെ ശ്രമിക്കുന്നത് എന്നാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ  ജിയോ സത്യവാങ്മൂലത്തില്‍ പറയുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പേടിഎം പ്രമോട്ടര്‍മാരായ വണ്‍97 ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. വിവിധ ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എംടിഎന്‍എല്‍,ബിഎസ്എന്‍എല്‍ എന്നിവ മൊബൈല്‍ നെറ്റ്വര്‍ക്ക് വഴിയുള്ള പിഷിംഗ് വ്യാജ സന്ദേശങ്ങള്‍ തടയാത്തതിനാല്‍ 100 കോടിയുടെ സാമ്പത്തിക ഹാനിയും, മാനഹാനിയും ഉണ്ടായി എന്നാണ് പേടിഎം കേസ്.

ജൂണ്‍ 24നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടെയാണ് ജിയോ ഈ വാദത്തിന് മറുവാദവുമായി രംഗത്ത് എത്തിയിക്കുന്നത്. ഇപ്പോള്‍ ജിയോ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ രാജ്യത്തെ ടെലികോം മേഖലയുടെ നിയന്ത്രണം കൈയ്യാളുന്ന ടെലികോം റെഗുലേറ്ററി അതോററ്റിയേയും കുറ്റപ്പെടുത്തുന്നു. ട്രായി തട്ടിപ്പ് കോളുകളുടെയും സന്ദേശങ്ങളുടെയും കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ജിയോ കുറ്റപ്പെടുത്തുന്നു. 

click me!