നെറ്റ് ബാങ്കിംഗ് സമയത്ത് സൂക്ഷിച്ചില്ലെങ്കിൽ കാശ് പോവുമെന്ന് എസ്ബിഐ; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Jun 21, 2022, 4:01 PM IST
Highlights

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഭൂരിപക്ഷത്തോളം വ്യക്തികളും സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന സാധാരണമായ സൈബർ ആക്രമണങ്ങളാണ് ഓൺലൈൻ തട്ടിപ്പുകളും ഫിഷിംഗ് ആക്രമണങ്ങളും. നെറ്റ് ബാങ്കിംഗ് ഉപയോക്താക്കളാണ് ഏറെ അപകടത്തിലുള്ളത്. 

കാശ് അടിച്ചുമാറ്റാൻ വിരുതൻമാർ സജീവമായതോടെ കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). തട്ടിപ്പുകൾ, വഞ്ചനകൾ, ഫിഷിംഗ് ആക്രമണങ്ങൾ എന്നിവ തടയാനാണ് ഉപയോക്താക്കൾക്ക് ഇത്തരം സുരക്ഷാമാർഗനിർദേശങ്ങൾ നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഭൂരിപക്ഷത്തോളം വ്യക്തികളും സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന സാധാരണമായ സൈബർ ആക്രമണങ്ങളാണ് ഓൺലൈൻ തട്ടിപ്പുകളും ഫിഷിംഗ് ആക്രമണങ്ങളും. നെറ്റ് ബാങ്കിംഗ് ഉപയോക്താക്കളാണ് (SBI Netbanking) ഏറെ അപകടത്തിലുള്ളത്.  എസ്ബിഐ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലേക്ക്

1. സുരക്ഷിത എസ്ബിഐ ലോഗിൻ

സുരക്ഷിത ലോഗിൻ സാധ്യമാകാനായി പാസ് വേഡുകളിൽ ശ്രദ്ധ വേണം. ലോഗിൻ വിശദാംശങ്ങളിൽ ഒരിക്കലും എളുപ്പവും പൊതുവായി ഉപയോഗിക്കുന്നതുമായ പാസ് വേഡുകൾ ഉപയോഗിക്കാൻ പാടില്ല. യൂസർ ഐഡി, പാസ്‌വേഡ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി എന്നിവ ആരുമായും പങ്കിടാതിരിക്കാനും ശ്രദ്ധിക്കണം. പാസ്വേഡുകൾ ഇടയ്ക്കിടെ മാറ്റാനും ശ്രദ്ധിക്കണം.  

2. എസ്ബിഐ യുആർഎൽ

നിങ്ങൾ ബാങ്ക് വെബ്‌സൈറ്റ് തുറക്കുമ്പോഴെല്ലാം, അത് ഒരു "https" ലിങ്കാണെന്ന് ഉറപ്പാക്കണം.  ഇടപാടുകൾ നടത്താൻ ഒരിക്കലും പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുത്. ഓരോ സെഷനുശേഷവും ലോഗ് ഔട്ട് ചെയ്യാൻ എപ്പോഴും ഓർക്കണം. നിങ്ങളുടെ മറ്റ് ഓൺലൈൻ അക്കൗണ്ടുകൾ പോലെ ബാങ്കിംഗ് ക്രെഡൻഷ്യലുകൾ സൂക്ഷിക്കരുത്. ലോഗിൻ ക്രെഡൻഷ്യലുകൾ എളുപ്പത്തിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ബ്രൗസറിൽ ഒരിക്കലും സംരക്ഷിക്കരുത്.

3. യുപിഐ പരിരക്ഷ

നിങ്ങളുടെ യുപിഐ പിൻ ഒരിക്കലും നിങ്ങളുടെ മൊബൈൽ പിൻ പോലെ അടിക്കരുത്. യുപിഐ ഇടപാട് സംബന്ധിച്ച അഭ്യർത്ഥനകൾ ലഭിക്കുകയാണെങ്കിൽ, അവയോട് ഒരിക്കലും പ്രതികരിക്കരുത്. ഇത്തരം അഭ്യർത്ഥനകൾ ബാങ്കിനെ അറിയിക്കുക. നിങ്ങളുടെ അനുമതിയില്ലാതെ എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ യുപിഐ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യുക.

4. സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്. ആരെങ്കിലും പണമിടപാട് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ ഐഡന്റിറ്റി സ്ഥീരികരിക്കേണ്ടതാണ്.

5. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പരിരക്ഷ

നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സിവിവി യോ ഒടിപിയോ ആരുമായും പങ്കിടരുത്. എടിഎം ഇടപാടുകൾ നടത്തുമ്പോൾ, പിൻ പോലുള്ള സെൻസിറ്റീവ് വിശദാംശങ്ങൾ നൽകുമ്പോൾ കീപാഡ് മറയ്ക്കുക. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി വാങ്ങുന്നതിന് മുമ്പ്, വെബ്‌സൈറ്റിന്റെ വിശ്വാസ്യത എപ്പോഴും പരിശോധിക്കുക.

6. മൊബൈൽ ബാങ്കിംഗ്:

മൊബൈൽ പിൻ സ്ട്രോങ്ങായിരിക്കണം.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഒഴികെ ഒരു ഉറവിടത്തിൽ നിന്നും ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

click me!