ഉപഭോക്താക്കളുടെ സംസാരം അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു, 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ

Published : Jan 28, 2026, 05:03 AM IST
Google search

Synopsis

ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു.

കാലിഫോർണിയ: സ്വകാര്യതാ ലംഘന കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ.  കമ്പനിയുടെ വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് ഗൂഗിളിന്റെ നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഒരു ക്ലാസ് ആക്ഷൻ കേസിൽ, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡ് ചെയ്തെന്നാണ പരാതിക്കാർ ആരോപിച്ചത്. സാധാരണയായി, ഉപയോക്താവ് 'ഹേ ഗൂഗിൾ' അല്ലെങ്കിൽ 'ഓകെ ഗൂഗിൾ' പോലുള്ള വാക്കുകൾ പറയുമ്പോഴോ ഒരു ബട്ടൺ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിൾ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാൽ ഗൂഗിളിന്റെ സ്‍മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവ ഈ വാക്കുകൾ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്.

സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിൾ പരസ്യദാതാക്കൾക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത് . ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു. എന്നാൽ ഗൂഗിൾ ഒരു തെറ്റും സമ്മതിച്ചിട്ടില്ല. എങ്കിലും കോടതി രേഖകൾ പ്രകാരം, ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്‍ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗൂഗിൾ ഒറ്റയ്ക്കല്ല. 2024 ഡിസംബറിൽ, തങ്ങളുടെ വെർച്വൽ അസിസ്റ്റന്റ് 'സിരി' വഴി സമാനമായ റെക്കോർഡിംഗ് നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആപ്പിളും 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി. ഗൂഗിളിൽ ഇത് ആദ്യമായല്ല സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡാറ്റ മോഷണത്തിനും ലൊക്കേഷൻ ട്രാക്കിംഗിനും കമ്പനിക്ക് പലതവണ കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ, അനുമതിയില്ലാതെ ഡാറ്റ ശേഖരിച്ചതിന് ടെക്സാസിൽ ഗൂഗിൾ 1.4 ബില്യൺ ഡോളർ പിഴ അടച്ചിരുന്നു, അതേസമയം സെപ്റ്റംബറിൽ, ട്രാക്കിംഗ് ഫീച്ചർ ഓഫാക്കിയിട്ടും ഡാറ്റ എടുത്തതിന് 425.7 മില്യൺ ഡോളർ പിഴ ചുമത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ