'അദ്ദേഹത്തിന്റെ അനുഭവത്തിലാണ് അത് പറഞ്ഞത്'; നാരായണ മൂര്‍ത്തിയെ പിന്തുണച്ച് സുധ

By Web TeamFirst Published Oct 31, 2023, 8:16 AM IST
Highlights

നാരായണ മൂര്‍ത്തി പാഷനിലും കഠിനാധ്വാനത്തിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണെന്നും കരിയറില്‍ ആഴ്ചയില്‍ 80 മുതല്‍ 90 മണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്ന വ്യക്തിയാണെന്നും സുധ. 

ജോലി സമയത്തെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയെ പിന്തുണച്ച് ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണും എഴുത്തുകാരിയും നാരായണ മൂര്‍ത്തിയുടെ ഭാര്യയുമായ സുധാ മൂര്‍ത്തി. 14-ാമത് ടാറ്റ ലിറ്റ് ഫെസ്റ്റിന് മുംബൈയില്‍ എത്തിയപ്പോഴാണ് അവര്‍ ഇതെക്കുറിച്ച് സംസാരിച്ചത്. നാരായണ മൂര്‍ത്തി പാഷനിലും കഠിനാധ്വാനത്തിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണെന്നും തന്റെ കരിയറില്‍ ആഴ്ചയില്‍ 80 മുതല്‍ 90 മണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്നതിനാല്‍, ഒരു സാധാരണ വര്‍ക്ക് വീക്ക് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. നാരായണമൂര്‍ത്തി സ്വന്തം അനുഭവത്തിന്റെ ബലത്തിലാണ് സംസാരിച്ചതെന്നും അദ്ദേഹം കഠിനാധ്വാനിയാണെന്നും സുധ കൂട്ടിച്ചേര്‍ത്തു.
 
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി കഴിഞ്ഞ ദിവസമാണ് നാരായണമൂര്‍ത്തി രംഗത്തെത്തിയത്.  ഇത് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ദേശീയ തൊഴില്‍ സംസ്‌കാരം ഉയര്‍ത്താനും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെച്ചതെന്നാണ് അഭിപ്രായങ്ങള്‍. 3one4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ 'ദി റെക്കോര്‍ഡി'ന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ തൊഴില്‍ ഉല്‍പ്പാദനക്ഷമത മാറ്റേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ ജോലി സമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കില്‍  സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വാദിച്ചിരുന്നു.

മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായുള്ള സംഭാഷണത്തില്‍, ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദന ക്ഷമതയെക്കുറിച്ചും മൂര്‍ത്തി ചൂണ്ടിക്കാണിച്ചു. ഗവണ്‍മെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉള്‍പ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള മുന്‍നിരക്കാരനായി ഉയര്‍ന്നുവരുന്നതിന് ഈ തടസങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കളോട് രാഷ്ട്രനിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നാരായണമൂര്‍ത്തി അഭ്യര്‍ത്ഥിച്ചിരുന്നു.  

'ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം': ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു 
 

click me!