
വാഷിംഗ്ടൺ : അമേരിക്കന്‍ സര്‍ക്കാറിനെതിരെ നിയമനടപടിക്കൊരുങ്ങി ടിക്ടോക്ക് കമ്പനി. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിനെ നിരോധിക്കാൻ ട്രംപ് സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് കമ്പനി നിയമനടപടി തേടുന്നത്.
നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ കമ്പനിയേയും ഉപയോക്താക്കളേയും ന്യായമായി പരിഗണിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ജുഡീഷൽ സംവിധാനത്തിലൂടെ സർക്കാർ ഉത്തരവിനെ മറികടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ടിക്ടോക്ക് കമ്പനി വക്താവ് അറിയിച്ചു.
ടിക്ടോക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 14ന് എക്സിക്യൂട്ടീവ് ഓഡര്‍ ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കമ്പനി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
അതേ സമയം ക് ടോക്ക് ഏറ്റെടുക്കുന്നതിനുള്ള മികച്ച കമ്പനിയായി ഒറാക്കിള്‍ മാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലുള്ള ടിക്ക് ടോക്കിന്റെ ബിസിനസുകളായ ജനറല്‍ അറ്റ്ലാന്റിക്, സെക്വോയ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്നതായി ഒറാക്കിളിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഈ അഭിപ്രായം.
ഞായറാഴ്ച, ടിക്ക് ടോക്ക് വില്ക്കാന് 90 ദിവസം സമയപരിധി നല്കുന്ന രണ്ടാം ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. മുമ്പത്തെ അന്തിമ കാലാവധി 45 ദിവസത്തേക്കാള്‍ പുതിയ സമയപരിധി ഇരട്ടിയാക്കിയിട്ടുണ്ട്. ഒരു അമേരിക്കന്‍ സ്ഥാപനം വാങ്ങിയാല്‍ ടിക് ടോക്കിന്റെ യുഎസ് യൂണിറ്റിന്റെ വില്‍പ്പന വിലയുടെ ഗണ്യമായ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ട്രഷറിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഓറക്കിളിനു പുറമേ, മൈക്രോസോഫ്റ്റും ട്വിറ്ററും ഒരു ഡീലിനായി ബൈറ്റ്ഡാന്‍സിനെ സമീപിച്ചിട്ടുണ്ട്.