ഇന്ത്യയുടെ ഭൂപടം തെറ്റിച്ച് ട്വിറ്റര്‍; ഭൂപടത്തിൽ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ല

By Web TeamFirst Published Jun 28, 2021, 6:28 PM IST
Highlights

ട്വിറ്ററിന്‍റെ ഔദ്യോഗിക പേജിലാണ് കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കുമില്ലാത്ത ഇന്ത്യയുടെ ഭൂപടം നല്‍കിയത്. ഭൂപടത്തില്‍ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ല. 

ദില്ലി: ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രചരിപ്പിച്ച് വീണ്ടും ട്വിറ്റര്‍ വിവാദത്തിൽ. ജമ്മുകശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ട്വിറ്ററിന്‍റെ ഔദ്യോഗിക പേജിലുള്ളത്. അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. ഐടി ചട്ടം ലംഘിച്ച് അമേരിക്കൻ പൗരനെ പരാതികൾ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായും ട്വിറ്റര്‍ നിയമിച്ചു. 

ട്വിറ്ററിന്‍റെ ഔദ്യോഗിക പേജിലാണ് കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കുമില്ലാത്ത ഇന്ത്യയുടെ ഭൂപടം നല്‍കിയത്. ഭൂപടത്തില്‍ ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ല. ട്വിറ്റര്‍ പേജിലെ ഈ ഭൂപടം ട്വിറ്ററിനെതിരെ ഇപ്പോൾ പുതിയ വിവാദമായി മാറുകയാണ്. ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായ ജമ്മുകശ്മീരും ലഡാക്കും ട്വിറ്ററിന്‍റെ ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്നതിൽ ട്വിറ്ററിന്‍റെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 

ഐടി ചട്ടങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ട്വീറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യുന്നതിൽ വരെ എത്തിയിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ ഇന്ത്യ ഭൂപടം തെറ്റിച്ചു എന്ന വിവാദം. കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഐടി. ചട്ടം അനുസരിച്ച് പരാതികൾ പരിഹരിക്കാനായി ട്വിറ്ററ്‍ നിയമിച്ച ഉദ്യോഗസ്ഥന്‍റെ രാജിവെച്ചിരുന്നു. ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ വേണമെന്നാണ് ഐടി ചട്ടമെങ്കിൽ തൊട്ടുപിന്നാലെ അമേരിക്കൻ പൗരനായ ജെര്‍മി കെസലിനെയാണ് ആ സ്ഥാനത്ത് ട്വിറ്റര്‍ നിയമിച്ചിരിക്കുന്നത്. ഇതും ട്വിറ്ററിനെതിരെ കേന്ദ്രം ആയുധമാക്കും. 

അതിനിടെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വൃദ്ധ മര്‍ദ്ദിക്കുന്ന വീഡിയോ സംബന്ധിച്ച് തെറ്റായ വിവരം നൽകി എന്ന പരാതിയിൽ ട്വിറ്ററിനെതിരെ ഗാസിയാബാദ് പൊലീസ് നടപടി തുടരുകയാണ്. അറസ്റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ പൊലീസ് സുപ്രീംകോടതിയെ സമീപിച്ചേക്കും. അത് മുന്നിൽ കണ്ട് ട്വിറ്റര്‍ ഇന്ത്യ എം ഡി സുപ്രീംകോടതിയിൽ തടസ്സ ഹര്‍ജി നൽകിയിട്ടുണ്ട്. 
 

click me!