പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്‍കി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Jun 5, 2021, 5:49 PM IST
Highlights

മറുപടി അനുസരിച്ചായിരിക്കും തുടര്‍മറുപടികള്‍ എന്നും നോട്ടീസില്‍ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ദില്ലി: ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം ട്വിറ്ററിന് അവസാനത്തെ നോട്ടീസും അയച്ചു. ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. 

നോട്ടീസ് പ്രകാരം, ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് പ്രതികരണം നടത്തിയില്ലെന്നും. ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് അറിയിക്കുന്നു. 

മറുപടി അനുസരിച്ചായിരിക്കും തുടര്‍മറുപടികള്‍ എന്നും നോട്ടീസില്‍ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം ട്വിറ്ററിന് സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നാണ് നോട്ടീസ് പറയുന്നത്. 

ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയും ട്വിറ്ററിനോട് സര്‍ക്കാറിന്‍റെ ഐടി നയങ്ങള്‍ അനുസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതിയില്‍ ട്വിറ്റര്‍ ഉറപ്പും നല്‍കിയിരുന്നു. അതിനാല്‍ തന്നെ സര്‍ക്കാറിന്‍റെ പുതിയ നോട്ടീസിനോട് എങ്ങനെയാണ് മൈക്രോബ്ലോഗിംഗ് സോഷ്യല്‍ മീഡിയായ ട്വിറ്റര്‍ പ്രതികരിക്കുക എന്ന സൂക്ഷ്മമായി വീക്ഷിക്കുകയാണ് സൈബര്‍ ലോകം.

click me!