വാട്ട്സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവ്.!

By Web TeamFirst Published Apr 28, 2020, 10:12 AM IST
Highlights

‘വൈറൽ മെസേജ് ഫോർ‌വേർ‌ഡുകൾ‌’ വ്യാപിപ്പിക്കുന്നതിൽ‌ 70 ശതമാനം കുറവുണ്ടായതായി വാട്‌സാപ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്. ഒപ്പം തന്നെ സാധാരണമായി അയക്കാറുള്ള ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങളിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് സൂചന.

ദില്ലി: വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വരുത്തി മാറ്റങ്ങള്‍ ഫലമുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഫോര്‍വേഡ് സന്ദേശങ്ങളുടെ പരിധി ദിവസം ഒന്ന് എന്നരീതിയില്‍ ആക്കിയതിന് ശേഷം  വെറും 15 ദിവസത്തിനുള്ളിൽ വാട്സാപ് സന്ദേശം ഫോർവേഡ് ചെയ്യുന്നതിൽ 70 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍.

ഈ മാസം ആദ്യമാണ് വ്യാജവാർത്തകൾ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വാട്സാപ് ഫോർവേഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരേ സമയം ഒന്നിലധികം കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ ഇത് തടഞ്ഞു. ഈ നീക്കം ഇതിനകം തന്നെ വലിയ ഫലം ഉണ്ടാക്കിയെന്നാണ് വാട്ട്സ്ആപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വൈറൽ മെസേജ് ഫോർ‌വേർ‌ഡുകൾ‌’ വ്യാപിപ്പിക്കുന്നതിൽ‌ 70 ശതമാനം കുറവുണ്ടായതായി വാട്‌സാപ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്. ഒപ്പം തന്നെ സാധാരണമായി അയക്കാറുള്ള ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് സന്ദേശങ്ങളിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് സൂചന.

കോവിഡ്-19 സംബന്ധിച്ച് രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഐടി മന്ത്രാലയം സോഷ്യൽ മീഡിയ ബ്രാൻഡുകളായ ഫെയ്സ്ബുക്, ബൈറ്റ്ഡാൻസ്, ട്വിറ്റർ, ഷെയർചാറ്റ് എന്നിവയ്ക്ക് ഉപദേശം നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്സാപ് ഷെയറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

വ്യക്തിഗതവും സ്വകാര്യവുമായ സംഭാഷണങ്ങൾക്ക് വാട്സാപിൽ ഒരു ഇടം നിലനിർത്താൻ ഈ മാറ്റം സഹായിക്കുന്നുവെന്ന് കമ്പനി വക്താവ് കൂട്ടിച്ചേർത്തു. വൈറൽ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടത് ചെയ്യാൻ വാട്‌സാപ് പ്രതിജ്ഞാബദ്ധമാണെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.
 

click me!