Latest Videos

രണ്ടും കല്‍പ്പിച്ച് യൂട്യൂബ്; 'പ്രതിസന്ധി' ഒഴിവാക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍

By Web TeamFirst Published Jan 15, 2024, 1:56 AM IST
Highlights

നിലവില്‍ ആപ്പിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകള്‍ കാണാനാകൂ.

ആഡ് ബ്ലോക്കറിന്റെ നിയന്ത്രണം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിച്ച് യൂട്യൂബ്. നിലവില്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വീഡിയോകള്‍ മാത്രമേ യൂട്യൂബില്‍ കാണാനാകൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകള്‍ കാണുന്നതില്‍ നിന്നും വിലക്കും. നിലവില്‍ ആപ്പിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകള്‍ കാണാനാകൂ. പ്രീമിയമില്ലാത്തവരും ലോഗിന്‍ ചെയ്യാത്തവരും പരസ്യങ്ങള്‍ കാണേണ്ടി വരും. ഇതിനുള്ള പരിഹാരമായാണ് പലരും ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത്. 

പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്. ഉപഭോക്താക്കള്‍ പരസ്യങ്ങളെ തടയുന്നത് കമ്പനി നിരുത്സാഹപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇപ്പോള്‍, യൂട്യബ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിരവധി വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രധാനമായും ഉപഭോക്താക്കള്‍ക്ക് വന്‍തോതില്‍ പരസ്യങ്ങള്‍ കാണേണ്ടി വരുന്നു അല്ലെങ്കില്‍ പ്രതിമാസ തുക നല്‍കേണ്ടിവരുന്നു എന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.

മുന്‍പ് ആഡ് ബ്ലോക്കറുകളുടെ ഉപയോഗം യൂട്യൂബിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇത് തുടര്‍ന്ന് കാണണമെങ്കില്‍ ആഡ് ബ്ലോക്കറുകള്‍ നിര്‍ത്തിവെക്കണം എന്നുമുള്ള മുന്നറിയിപ്പ് കമ്പനി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ നേരിട്ട് വെബ്സൈറ്റിന്റെ പ്രവര്‍ത്തന വേഗം കുറക്കുകയാണ് കമ്പനി ചെയ്യുന്നത്. വരിക്കാരല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. 

റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍ ഉപഭോക്താക്കള്‍ പരാതിയുമായി ഇപ്പോള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് വേഗം കുറയുന്നതിന് സമാനമായ തകരാറുകള്‍ യൂട്യൂബ് കൃത്രിമമായി സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ആഡ് ബ്ലോക്കറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും മറ്റ് തടസങ്ങളും ഉണ്ടാകും. വീഡിയോ പ്ലേ ചെയ്യുന്നതിന് കാലതാമസം നേരിടുമെന്നതും ശ്രദ്ധിക്കണം. പ്രിവ്യൂ സംവിധാനവും പ്രവര്‍ത്തിക്കില്ല. ഫുള്‍ സ്‌ക്രീന്‍ മോഡ് പ്രവര്‍ത്തിക്കുന്നതിനും തടസങ്ങളുണ്ടാവും. ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂട്യൂബ് ഒരു തരത്തിലും അത് ഉപയോഗിക്കാനാവാതെ വരുമെന്നതാണ് പ്രശ്‌നം. ഒന്നുകില്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കുക, അല്ലെങ്കില്‍ ആഡ് ബ്ലോക്കറുകള്‍ ഒഴിവാക്കുക എന്നീ രണ്ട് വഴികളാണ് അങ്ങനെ നോക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം 
 

click me!