YouTube revenue : വരുമാനം കൂടുതല്‍ നല്‍കാന്‍ ഉറച്ച് യൂട്യൂബ്; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Feb 13, 2022, 12:38 PM IST
YouTube revenue : വരുമാനം കൂടുതല്‍ നല്‍കാന്‍ ഉറച്ച് യൂട്യൂബ്; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

Synopsis

കൂടുതല്‍ ആളുകളെ യൂട്യൂബ്  ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുക ഒപ്പം തന്നെ ഇതിലെ കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം, ഈ ലക്ഷ്യങ്ങളാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് പറയാം. എന്താണ് ഈ മാറ്റങ്ങള്‍ എന്ന് നോക്കാം.  

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം എന്ന നിലയില്‍ ഇന്നും ഉപയോക്താക്കള്‍ക്കിടയില്‍ യൂട്യൂബിന് വലിയ പ്രധാന്യമുണ്ട്. കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കൂടുതല്‍ സാമ്പത്തിക ലാഭം നല്‍കുന്ന പ്ലാറ്റ്ഫോം എന്ന നിലയില്‍ യൂട്യൂബിന്‍റെ സ്ഥാനം ഇന്നും ആദ്യം തന്നെയാണ്. എന്നാല്‍ അടുത്ത കാലത്തായി ചെറുവീഡിയോ പ്ലാറ്റ്ഫോമുകള്‍ അന്താരാഷ്ട്ര ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളിന്‍റെ ഈ സഹോദര സ്ഥാപനത്തെ ഒന്ന് ഉലച്ചിട്ടുണ്ട്. പക്ഷെ യൂട്യൂബ് ഷോര്‍ട്സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെ അത്തരം വെല്ലുവിളികള്‍ നേരിടാന്‍ തന്നെയാണ് യൂട്യൂബ് ഒരുങ്ങുന്നത്. 

ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ യൂട്യൂബ്  ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുക ഒപ്പം തന്നെ ഇതിലെ കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം, ഈ ലക്ഷ്യങ്ങളാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് പറയാം. എന്താണ് ഈ മാറ്റങ്ങള്‍ എന്ന് നോക്കാം.

ആദ്യം വരുമാനത്തിലേക്ക് തന്നെ വരാം. കൂടുതൽ വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ ഉടന്‍ അവതരിപ്പിക്കും എന്നാണ് യൂട്യൂബ് പറയുന്നത്. അവയിലൊന്ന് ബ്രാൻഡ്കണക്റ്റ് വഴി ഒരോ ബ്രാന്‍റിനും വേണ്ടുന്ന ഉള്ളടക്കം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കും. അതിലൂടെ നല്ല വരുമാനം ഉറപ്പാക്കാം. ഒപ്പം ഇത്തരം വീഡിയോകളെ സൂപ്പർ ചാറ്റുമായി സംയോജിപ്പിക്കുന്നു. ഇതിലൂടെ ഒരു  വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും ഇതിലൂടെ ബ്രാന്‍റിനും വീഡിയോ നിര്‍മ്മാതാക്കള്‍ക്കും ഒരേ സമയം വരുമാനം ഉറപ്പാക്കും. 

അതേ സമയം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സഹായകരമായ ഫീച്ചറുകളും യൂട്യൂബ്  അവതരിപ്പിക്കുന്നു. യൂട്യൂബിലെ ജനപ്രിയ ട്രെന്‍റുകള്‍ മനസിലാക്കാന്‍ വീഡിയോ ഇടുന്നവരെ സഹായിക്കുന്ന വിവരങ്ങള്‍ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് സംയോജിപ്പിക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുകയാണ്. പുതിയ വിഡിയോകൾക്കായി കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഒപ്പം തന്നെ വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും ഉടന്‍ എത്തും. ഈ ഫീച്ചര്‍ ഇൻസ്റ്റഗ്രാമിന്റെ ‘റീൽസ് വിഷ്വൽ റിപ്ലൈസ്’ സമാനമാണ് എന്ന് പറയാം.

സ്ഥിരം ഉപയോക്താക്കൾക്ക് ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ ‘ഗിഫ്റ്റഡ് അംഗത്വങ്ങൾ’ എന്ന ഫീച്ചർ ലഭിക്കും എന്നും യൂട്യൂബ് പറയുന്നു. ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു. ഒപ്പം തന്നെ മികച്ച വീഡിയോ സൃഷ്ടിക്കുന്നവരെ ഒന്നിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് ആലോചിക്കുന്നുണ്ട്. ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ