
ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു. ലാസ് വെഗാസിൽ വെച്ചാണ് അന്തരിച്ചത്. 32 വയസായിരുന്നു. കുടുംബം ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. അനുനയ് സൂദിൻ്റെ മരണവാർത്ത യാത്രാ പ്രേമികളിൽ കടുത്ത ദുഃഖവും ഞെട്ടലുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ 1.4 ദശലക്ഷം ഫോളോവേഴ്സും യൂട്യൂബിൽ 3.8 ലക്ഷം സബ്സ്ക്രൈബർമാരുമുള്ള ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമാണ് അനുനയ് സൂദ്. ഡ്രോൺ ഫോട്ടോഗ്രഫിയിലൂടെ അതിശയകരമായ വിഷ്വലുകൾ പകർത്താറുള്ള അനുനയ് സൂദിന്റെ കണ്ടന്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. മുൻനിര ആഗോള ടൂറിസം ബ്രാൻഡുകളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഫോബ്സ് ഇന്ത്യയുടെ ടോപ്പ് 100 ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ തുടർച്ചയായി മൂന്ന് വർഷം (2022, 2023, 2024) അനുനയ് ഇടം നേടിയിരുന്നു. പിന്നീട് അദ്ദേഹം ഒരു മാർക്കറ്റിംഗ് സ്ഥാപനവും നടത്തിയിരുന്നു.
സ്പിതിയിലെ ഒരു വ്ലോഗിംഗിൽ നിന്നുമാണ് അനുനയ് തന്റെ യാത്ര ആരംഭിച്ചത്. അദ്ദേഹം ഏഴ് തവണ ഇവിടെയെത്താൻ ശ്രമിച്ചിരുന്നു. ചന്ദ്രതാൽ സന്ദർശിച്ചതിൻ്റെ വീഡിയോകളും അദ്ദേഹത്തിന്റെ ആദ്യകാല വ്ലോഗുകളിൽ ഉൾപ്പെടുന്നു. സാധാരണ ക്യാൻവാസ് ഷൂ ധരിച്ച് മുട്ടറ്റം മഞ്ഞിലൂടെ തുടങ്ങിയ യാത്ര പിന്നീട് പുതിയ ഉയരങ്ങളിലേയ്ക്കാണ് അദ്ദേഹത്തെ എത്തിച്ചത്.
ലിങ്ക്ഡ്ഇൻ പ്രൊഫൈലിലെ വിവരങ്ങൾ അനുസരിച്ച്, നോയിഡയിലെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്നാണ് അനുനയ് സൂദ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് നോയിഡയിലെ തന്നെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ഓട്ടോമൊബൈൽ, ഓട്ടോമോട്ടീവ് മെക്കാനിക്സ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം നേടി.
റിതു സൂദ്, രാഹുൽ സൂദ് കുതിയാല എന്നിവരുടെ മകനാണ് അനുനയ്. അദ്ദേഹത്തിന് രചിത സൂദ്, ഇഷിത സൂദ് എന്നിങ്ങനെ രണ്ട് സഹോദരിമാരുണ്ട്. ദീർഘകാലമായി തൻ്റെ സുഹൃത്തായിരുന്ന ബൃന്ദ ശർമ്മയുമായി അദ്ദേഹത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്രാവൽ ഇൻഫ്ലുവൻസറായ അനുനായ് സൂദിൻ്റെ ആസ്തി ഏകദേശം 7 കോടി മുതൽ 10 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ ഏജൻസി, യൂട്യൂബ് വരുമാനം, പെയ്ഡ് പ്രൊമോഷനുകൾ, ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സുകളായിരുന്നു. അനുനയ് സൂദിന് ഒരു മെഴ്‌സിഡസ്-എഎംജി, റാം 1500 ടിആർഎക്‌സ്, മോഡിഫൈഡ് ഥാർ എന്നിവയുൾപ്പെടെയുള്ള ആഡംബര കാറുകളുടെ ശേഖരമുണ്ടായിരുന്നു. പ്രീമിയം വാച്ചുകളോടും അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു.