
എല്ലാ വർഷവും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വലിയ പ്രവാഹം കാണുന്ന നഗരമാണ് രാജസ്ഥാനിലെ ജയ്പൂർ. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമെല്ലാം നിരവധി സഞ്ചാരികളാണ് ജയ്പൂരിലേയ്ക്ക് എത്താറുള്ളത്. ഭൂരിഭാഗം സഞ്ചാരികളും വലിയ യാത്രാ പദ്ധതികളുമായാകും ഇവിടേയ്ക്ക് എത്തുക. എന്നാൽ, ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങൾ യാദൃശ്ചികമായി സംഭവിക്കുന്നത് അവിടുത്തെ നാട്ടുകാരുമായുള്ള ഇടപെടലുകളിലൂടെയാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഫ്രാൻസിൽ നിന്നുള്ള ടൂറിസ്റ്റായ ബെനോയിറ്റ് വെർബെയർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിൽ ഒരു ഓട്ടോ ഡ്രൈവർ അദ്ദേഹത്തോട് നന്നായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്നത് കാണാം. ഇത് ബെനോയിറ്റിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം വളരെ നന്നായി അത് ആസ്വദിച്ചെന്നും വീഡിയോയിലെ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാണ്. താൻ വിനോദസഞ്ചാരികളുമായി ഫ്രഞ്ച് സംസാരിക്കാറുണ്ടെന്ന് ഓട്ടോ ഡ്രൈവർ പറയുന്നുണ്ട്. ‘നിങ്ങൾക്ക് എന്നെക്കാൾ നന്നായി ഫ്രഞ്ച് സംസാരിക്കാനാകുമോ?’ എന്ന് ബെനോയിറ്റ് തമാശയായി ചോദിച്ചപ്പോൾ ‘അതെ, എന്തുകൊണ്ട് പാടില്ല? ഇത് ജീവിതമാണ്. നിങ്ങൾക്ക് എന്തെങ്കിലും വേണം, എനിക്കും എന്തെങ്കിലും വേണം...അതാണ് ജീവിതം. നിങ്ങൾക്ക് എന്നെ അറിയില്ല. എനിക്ക് നിങ്ങളെയും അറിയില്ല’ എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി.
ഓട്ടോ ഡ്രൈവറുടെ വാക്കുകൾ കേട്ട് ബെനോയിറ്റ് അത്ഭുതപ്പെട്ടു. ‘അവിശ്വസനീയം’ എന്നാണ് ബെനോയിറ്റ് ഇതിനെ വിശേഷിപ്പിച്ചത്. ഫ്രഞ്ച് സംസാരിക്കാനുള്ള കഴിവ് കൂടാതെ, ഫ്രഞ്ചുകാരുടെ പതിവ് ശരീര ആംഗ്യങ്ങളോടും സംസാരരീതിയോടും പൊരുത്തപ്പെടാനും ഡ്രൈവർക്ക് കഴിഞ്ഞു. ’ജോലി തിരഞ്ഞെടുത്ത്, വിനോദസഞ്ചാരികളുമായി ഇടപഴകി ഫ്രഞ്ച് പഠിച്ച റാൻഡം തുക്ടുക് ഡ്രൈവർ #ജയ്പൂർ ഇൻക്രെഡിബിൾ ഇന്ത്യ’ ബെനോയിറ്റ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ.
ഇൻസ്റ്റാഗ്രാമിൽ ഇതുവരെ 1.9 ദശലക്ഷത്തിലധികം പേരാണ് റീൽ കണ്ടത്. നിരവധിയാളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ’ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഓട്ടോ ഡ്രൈവറുടെ ആംഗ്യങ്ങളും ശരീരഭാഷയും വരെ ഫ്രഞ്ചാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. അദ്ദേഹത്തിന്റെ ഉച്ചാരണം മെട്രോപൊളിറ്റൻ പാരീസ് ഫ്രഞ്ച് ആണെന്ന നിരീക്ഷണവും ചിലർ നടത്തിയിട്ടുണ്ട്. ഇതുവച്ച് ഓട്ടോ ഡ്രൈവർക്ക് ഫ്രാൻസിൽ ജോലി കിട്ടാൻ സാധ്യതയുണ്ടെന്ന് ഒരാൾ പറഞ്ഞു.
അതേസമയം, ഫ്രഞ്ച് ഭാഷ പഠിക്കാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയവരുമുണ്ട്. ’ഫ്രഞ്ച് പഠിക്കാൻ ഒരു വർഷം ശ്രമിച്ചു, പക്ഷേ ഉപേക്ഷിച്ചു. ഇത് സൂപ്പർ കൂളാണെ’ന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. മറ്റൊരാളുടെ വാക്കുകൾ ഇങ്ങനെ, ’ഭാഷാ പ്രാവീണ്യം വിടൂ, അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ നോക്കൂ, വളരെ സങ്കീർണ്ണമായ, നല്ല വിദ്യാഭ്യാസമുള്ള, നന്നായി യാത്ര ചെയ്യുന്ന ഒരാളെപ്പോലെയുണ്ട്. അത്ഭുതകരം’.