കൊച്ചി കായലിൽ ആവേശത്തിര; ചാമ്പ്യൻസ് ബോട്ട് ലീഗ് പോരാട്ടം ഒക്ടോബർ 11ന്

Published : Sep 23, 2025, 10:51 AM IST
Champions boat league

Synopsis

ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരം ഒക്ടോബർ 11ന് കൊച്ചി കായലിൽ നടക്കും. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരങ്ങൾ ഒക്ടോബർ 11ന് ഉച്ചയ്ക്ക് രണ്ടിന് കൊച്ചി കായലിൽ നടക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സുഗമമായി വള്ളങ്ങൾക്ക് സഞ്ചരിക്കാൻ കായലിലെ ട്രാക്കിന്റെ പരിശോധന നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ എംഎൽഎ നിർദ്ദേശം നൽകി. ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങൾ കൂടി ബോട്ട് ലീഗിൽ അണിനിരക്കുന്നതിന് സ്പോൺസർഷിപ്പ് നടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ പറഞ്ഞു.

വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ള കാണികളെ ആകർഷിക്കുന്ന രീതിയിൽ സി.ബി.എൽ മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഹോട്ടൽ, ഹോംസ്റ്റേ പ്രതിനിധികളുടെ യോഗം ഉടൻ ചേരും. മത്സരത്തിൽ കുടുംബശ്രീയുടെ ഒരു വള്ളം ഉൾപ്പെടുത്താനുള്ള സാധ്യത കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് പരിശോധിക്കും. മത്സരങ്ങൾക്ക് സ്പോൺസർഷിപ്പ് നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വള്ളംകളിക്ക് മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

വീയപുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, നിരണം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, പറമ്പൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ചെറുതന ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നീ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കൊച്ചി കായലിനെ ആവേശത്തിലാഴ്ത്താൻ എത്തുന്നത്. കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബി അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല