'ആർപ്പോ..ഇ‌ർറോ..'; മൂവാറ്റുപുഴയാറിൽ ആവേശത്തുഴ, പിറവം വള്ളംകളി മത്സരം ഇന്ന്

Published : Oct 04, 2025, 10:15 AM IST
Champions boat league

Synopsis

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള പിറവം വള്ളംകളി മത്സരം ഇന്ന് മൂവാറ്റുപുഴയാറിൽ നടക്കും. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

പിറവം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകും.

നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയ്യപുരം, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം, നിരണം ബോട്ട് ക്ലബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, ഇമാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിന്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്.

ബി ഗ്രേഡ് ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ മത്സരത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ നമ്പർ-1, പിറവം ആർ കെ ടീം ബോട്ട് ക്ലബ്ബിന്റെ താണിയൻ, വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി എന്നിവയും മത്സരത്തിനിറങ്ങും. മുൻ മുഖ്യമന്ത്രിമാരായ ഇം.എം.എസ്, കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ്, മുൻ പിറവം പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് പിറവത്ത് വിജയികളെ കാത്തിരിക്കുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. തിരക്ക് മുന്നിൽകണ്ട് ലൈവ് ടെലികാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി മത്സരം നടക്കുന്നത്. അഡ്വ. ഫ്രാൻസിസ് ജോർജ് എം പി, അനൂപ് ജേക്കബ് എം എൽ എ, ജില്ലാ കളക്ടർ ജി പ്രിയങ്ക, സിനിമ താരങ്ങളായ ലാലു അലക്സ്‌, ജയൻ ചേർത്തല എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിന്റെ നേതൃത്വത്തിൽ വള്ളം കളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.നഗരസഭ ഹാളിൽ നടന്ന അവലോക യോഗത്തിൽ വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, സി ബി എൽ ടെക്നിക്കൽ കമ്മിറ്റി അംഗം എസ് എം ഇക്ബാൽ, നഗരസഭ വൈസ് ചെയർമാൻ കെ പി സലിം, സബ് ഇൻസ്‌പെക്ടർ സി ആർ ഹരിദാസ്, ഫയർ ആന്റ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി ബി ഗോപൻ, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല
കശ്മീര്‍ vs ഉത്തരാഖണ്ഡ്; ആദ്യമായി മഞ്ഞുവീഴ്ച കാണാൻ പോകുന്നവര്‍ക്കുള്ള യാത്രാ സഹായി