വള്ളംകളിയുടെ ആവേശം മലബാറിലേയ്ക്കും; ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ സെപ്റ്റംബര്‍ 19 മുതൽ

Published : Sep 16, 2025, 12:18 PM IST
Champions boat league

Synopsis

വള്ളംകളിയുടെ ആവേശം മലബാറിലേയ്ക്കും എത്തിക്കാൻ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസൺ സെപ്റ്റംബര്‍ 19 മുതൽ ഡിസംബര്‍ ആറ് വരെ നടക്കും.

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസൺ സെപ്റ്റംബര്‍ 19 മുതൽ നടക്കും. ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപിക്കും. വിജയികള്‍ക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസണിന്‍റെ മൈക്രോസൈറ്റും പ്രൊമോഷണല്‍ വീഡിയോയും ടൂറിസം - പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

തെക്കന്‍ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും. മലബാര്‍ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങള്‍ക്കൊപ്പം വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലും സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കാസര്‍കോട്ട് ആദ്യമായാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്, ടൗണ്‍ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് സിബിഎല്ലില്‍ മത്സരിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചെറുവള്ളങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 1.50 ലക്ഷവും 50,000 രൂപയും വീതം ലഭിക്കും. ഈ വിഭാഗത്തില്‍ ബോണസായി ഓരോ ടീമിനും ഒരു ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

ധര്‍മ്മടം (കണ്ണൂര്‍) താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബര്‍ 27), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 2 ), പിറവം(ഒക്ടോബര്‍ 4), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 11), ബേപ്പൂര്‍(കോഴിക്കോട് ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25), പുളിങ്കുന്ന് (നവംബര്‍ 1), കരുവാറ്റ(നവംബര്‍ 8) പാണ്ടനാട്(നവംബര്‍ 15) കായംകുളം(നവംബര്‍ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബര്‍ 29) എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.

കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. അഞ്ചാം സീസണില്‍ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങളാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. സിബിഎല്ലിനുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രചാരണവും ടൂറിസം ഡയറക്ടറേറ്റ് ഒരുക്കും. സിബിഎല്ലിന്‍റെ മികച്ച നടത്തിപ്പിന് സിബിഎല്‍ ലിമിറ്റഡ് രൂപീകരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം
ഡോൾഫിൻസ് നോസ്; കൊടൈക്കനാലിലെ ഹിഡൻ ജെം