
ദില്ലി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും വേണം.
ഓഗസ്റ്റ് 8 വരെ ദില്ലിയിലും എൻസിആറിലും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില സാധാരണ നിലയിലും അല്പം താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലി/എൻസിആറിൽ പരമാവധി താപനില 32–33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25–26 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. തെക്ക് പടിഞ്ഞാറ് നിന്ന് ഉപരിതല കാറ്റ് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ വീശുകയും ചെയ്തു.
ദില്ലി/എൻസിആറിൽ നേരിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് (മലയോര മേഖലകൾ) എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, കേരളം, കിഴക്കൻ ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കാം.
ഓഗസ്റ്റ് 7–8 തീയതികളിൽ ബീഹാറിലും ഓഗസ്റ്റ് 7–11 തീയതികളിൽ പശ്ചിമ ബംഗാളിലെ ഉപ-ഹിമാലയൻ മേഖലകൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സമയത്ത് മേൽപ്പറഞ്ഞ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കമോ വെള്ളക്കെട്ടോ പ്രതീക്ഷിക്കാം. ഗതാഗത തടസ്സങ്ങളും ദൃശ്യപരത പ്രശ്‌നങ്ങളും നേരിട്ടേക്കാം. റോഡുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചേക്കാം. കുന്നിൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലോ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയോ ഉണ്ടാകാം. നദീതീര വെള്ളപ്പൊക്ക സാധ്യതയും കൃഷിനാശവും സംഭവിക്കാനും ഇടയുണ്ട്. അതിനാൽ ഇവിടങ്ങളിലേയ്ക്ക് ഈ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാം.