
ട്രെയിൻ യാത്രകൾ എപ്പോഴും ആവേശഭരിതമായിരിക്കും. വ്യത്യസ്ത ദേശങ്ങളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രകൾ മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. കുടുംബത്തോടൊപ്പമുള്ള ട്രെയിൻ യാത്ര, പ്രത്യേകിച്ച് കുട്ടികളുമൊത്തുള്ള യാത്രകൾ പലപ്പോഴും പ്രിയപ്പെട്ട ഓർമ്മകളായി മാറാറുണ്ട്. കുട്ടികൾ ജനാലയിലൂടെ മാറുന്ന പ്രകൃതിദൃശ്യങ്ങൾ നോക്കി ഇരിക്കുന്നതും ലഘുഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കുന്നതുമെല്ലാം കാണുന്നത് നൽകുന്ന സന്തോഷം ചെറുതായിരിക്കില്ല.
കുട്ടികളുമൊത്തുള്ള യാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമുണ്ടോ, അതോ കുട്ടികൾക്ക് സ്വന്തമായി ബർത്ത് ലഭിക്കുമോ എന്നൊക്കെയുള്ള സംശയങ്ങൾ മാതാപിതാക്കളിലുണ്ടാകും. ഐആർസിടിസിയുടെ ചൈൽഡ് ടിക്കറ്റ് പോളിസിയെ കുറിച്ച് അറിഞ്ഞാൽ ഈ സംശയങ്ങൾ മാറിക്കിട്ടും. ചൈൽഡ് ടിക്കറ്റ് പോളിസിയെ കുറിച്ചുള്ള വിശദമായ അവലോകനമാണ് ഇനി പങ്കുവെയ്ക്കാൻ പോകുന്നത്.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം. അത്തരം ഒരു കുട്ടിക്ക് പ്രത്യേകമായി ഒരു ബർത്തോ സീറ്റോ ബുക്ക് ചെയ്യണമെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റിന്റെ മുഴുവൻ നിരക്കും ഈടാക്കും.
5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേക ബർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമുണ്ടെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റിന്റെ മുഴുവൻ നിരക്കും ഈടാക്കും.
ബർത്തോ സീറ്റോ ആവശ്യമില്ലെങ്കിൽ No Seat/No Berth ഓപ്ഷൻ തിരഞ്ഞെടുക്കുക. മുതിർന്നവരുടെ നിരക്കിന്റെ പകുതി മാത്രമേ റിസർവ്ഡ് ക്ലാസുകളിൽ ഈടാക്കൂ.
12 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു യാത്രക്കാരനെയും മുതിർന്നവരായി കണക്കാക്കും. ഇവർക്ക് മുഴുവൻ നിരക്കും ബാധകമാണ്.
ഐആർസിടിസി വഴിയോ റിസർവേഷൻ കൗണ്ടറിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കുട്ടിക്ക് പ്രത്യേക ബർത്തോ സീറ്റോ ആവശ്യമുണ്ടോ എന്ന് മാതാപിതാക്കൾ വ്യക്തമാക്കണം.