ബോറടി ഇല്ല, നീണ്ട അവധിയും വേണ്ട! വെറും 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന 5 രാജ്യങ്ങൾ

Published : Oct 13, 2025, 02:20 PM IST
flight

Synopsis

നീണ്ട വിമാനയാത്രകൾ ഒഴിവാക്കി കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ചില വിദേശ രാജ്യങ്ങളുണ്ട്. ദില്ലിയിൽ നിന്ന് 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുള്ളത് നീണ്ട വിമാന യാത്രകളാണ്. ഒരു ചെറിയ വിമാന യാത്രയിലൂടെ വളരെ പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന നിരവധി രാജ്യങ്ങളുണ്ട്. യുകെയും യുഎസുമൊന്നും അല്ലാതെ അടുത്തുള്ള ചില രാജ്യങ്ങളിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം. ദില്ലിയിൽ നിന്ന് വിമാനത്തിൽ 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന ചില മനോഹരമായ രാജ്യങ്ങൾ ഇതാ:

ഭൂട്ടാൻ

നിങ്ങൾക്ക് അധികം അവധി ദിവസങ്ങൾ ഇല്ലെങ്കിൽ വളരെ പെട്ടെന്ന് പോയി വരാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഇവിടേയ്ക്കുള്ള യാത്രയ്ക്ക് കൂടുതൽ ആസൂത്രണവും ആവശ്യമില്ല. മനോഹരമായ താഴ്‌വരകളിലൂടെ നടക്കുകയും റാഫ്റ്റിംഗ് ഉൾപ്പെടെയുള്ള ആക്ടിവിറ്റികളിൽ പങ്കെടുത്ത് നിങ്ങളുടെ അവധിക്കാലം ആസ്വദിക്കാം. ഭൂട്ടാന്റെ ആതിഥ്യമര്യാദയും നേരിട്ട് അറിയേണ്ടത് തന്നെയാണ്.

വിമാന യാത്രാ സമയം: ദില്ലിയിൽ നിന്ന് ഭൂട്ടാനിലേക്ക് 2 മണിക്കൂർ

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: തിംഫു (ഭൂട്ടാനിലെ നഗര ജീവിതം അനുഭവിക്കാം), പുനാഖ (ഗ്രാമീണ ജീവിതം നേരിൽ കാണാം), ഫോബ്ജിഖ വാലി, ലയ

യുഎഇ

വിശാലമായ മരുഭൂമികൾ, അംബരചുംബികളായ കെട്ടിടങ്ങൾ എന്നിവയ്ക്ക് പേരുകേട്ട യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എല്ലാ തരം സഞ്ചാരികൾക്കും അനുയോജ്യമായ ഇടമാണ്. ചിത്രങ്ങൾ പകർത്താൻ അനുയോജ്യമായ ബീച്ചുകൾ, ധാരാളം ജല കായിക വിനോദങ്ങൾ, മരുഭൂമിയിലെ സാഹസിക യാത്രകൾ എന്നിവയോടുകൂടി ഒരു നല്ല വാരാന്ത്യം നിങ്ങൾക്ക് യുഎഇയിൽ ചെലവഴിക്കാം.

വിമാന യാത്രാ സമയം: ദില്ലിയിൽ നിന്ന് ദുബായിലേക്ക് 4 മണിക്കൂർ

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: ദുബായ് മാൾ, പാം ജുമൈറ, ദുബായ് മറീന, ബർ ദുബായ്, ജുമൈറ മസ്ജിദ്, ഡെസേർട്ട് സഫാരി

തായ്‌ലൻഡ്

സംസ്കാരവും പ്രകൃതിഭംഗിയും സമന്വയിക്കുന്ന തായ്ലൻഡിലെ കാഴ്ചകൾ ആരുടെയും മനംമയക്കും. അതിമനോഹരമായ ബീച്ചുകൾ, തിരക്കേറിയ നഗരങ്ങൾ എന്നിവ ഇവിടുത്തെ സവിശേഷതകളാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്ക് തായ്ലൻഡിലെത്താം. ദ്വീപുകളിലെ പാർട്ടികൾ, സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡ് എന്നിവ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് വേണ്ടതെല്ലാം തായ്‌ലൻഡിലുണ്ട്.

വിമാന യാത്രാ സമയം: ദില്ലിയിൽ നിന്ന് ബാങ്കോക്കിലേക്ക് 3 മണിക്കൂർ 30 മിനിറ്റ്

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: ഫി ഫി ദ്വീപുകൾ, ചതുചക് വീക്കെൻഡ് മാർക്കറ്റ്, സിയാം പാരഗൺ, ലുംപിനി പാർക്ക്, പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ്, ചാവോ ഫ്രയ നദി, സഫാരി വേൾഡ് സൂ

ശ്രീലങ്ക

ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രങ്ങൾ, സമ്പന്നമായ പുരാവസ്തു ചരിത്രം, വൃത്തിയുള്ള ബീച്ചുകൾ എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് ശ്രീലങ്ക. കൂടാതെ, ഈ ദ്വീപ് സമുദ്രജീവികളാലും പ്രശസ്തമാണ്. മിറിസ്സയിലെ തിമിംഗല നിരീക്ഷണം, അല്ലെങ്കിൽ മനോഹരമായ പവിഴപ്പുറ്റുകൾ തേടിയുള്ള ഡൈവിംഗും സ്നോർക്കെല്ലിംഗുമെല്ലാ നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാം.

വിമാന യാത്രാ സമയം: ദില്ലിയിൽ നിന്ന് ശ്രീലങ്കയിലേക്ക് 3 മണിക്കൂർ 45 മിനിറ്റ്

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: സിഗിരിയ, അനുരാധപുര തുടങ്ങിയ പുരാതന സ്ഥലങ്ങൾ, കാൻഡി, കൊളംബോ പോലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ, നുവര ഏലിയയിലെയും എല്ലായിലെയും മനോഹരമായ മലയോര പ്രദേശങ്ങൾ, ഗാൾ, ബെന്റോട്ട, മിറിസ്സ തുടങ്ങിയ തീരദേശ പ്രദേശങ്ങൾ

സീഷെൽസ്

പച്ചയും നീലയും ഇടകലർന്ന നിറത്തിലുള്ള ജലാശയങ്ങൾ, മനോഹരമായ ബീച്ചുകൾ എന്നിവയാണ് സീഷെൽസിലെ പ്രധാന കാഴ്ചകൾ. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്. നിങ്ങൾക്ക് ഡൈവിംഗ്, കയാക്കിംഗ്, സർഫിംഗ്, കപ്പൽ യാത്ര തുടങ്ങിയ ജല കായിക വിനോദങ്ങൾ ആസ്വദിക്കാൻ കഴിയും.

വിമാന യാത്രാ സമയം: ദില്ലിയിൽ നിന്ന് സീഷെൽസിലേക്ക് 4 മണിക്കൂർ 30 മിനിറ്റ്

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: മാഹെ ദ്വീപ്, മോർണെ സീഷെല്ലോയിസ് നാഷണൽ പാർക്ക്, യുനെസ്കോ ലിസ്റ്റിൽ ഉൾപ്പെട്ട വാലീ ഡി മായിയും മനോഹരമായ ആൻസെ ലാസിയോ ബീച്ചും സ്ഥിതിചെയ്യുന്ന പ്രാസ്ലിൻ സന്ദർശിക്കാം. കൂടാതെ പ്രശസ്തമായ ആൻസെ സോഴ്സ് ഡി ആർജന്റ് ബീച്ചിന് പേരുകേട്ട ലാ ഡിഗും കണ്ടിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല