പണമല്ല, പ്ലാനിംഗാണ് പ്രധാനം! കശ്മീർ കാണാൻ ഇതിലും നല്ല വഴികളില്ല, കംപ്ലീറ്റ് ​ഗൈഡ്

Published : Dec 17, 2025, 11:36 AM IST
പണമല്ല, പ്ലാനിംഗാണ് പ്രധാനം! കശ്മീർ കാണാൻ ഇതിലും നല്ല വഴികളില്ല, കംപ്ലീറ്റ് ​ഗൈഡ്

Synopsis

പലരുടെയും സ്വപ്നഭൂമിയായ കശ്മീരിലേയ്ക്കുള്ള യാത്ര ചെലവേറിയതാണെന്ന് കരുതേണ്ട. ശരിയായ ആസൂത്രണത്തിലൂടെ കുറഞ്ഞ ചെലവിൽ കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. 

ഭൂമിയിലെ പറുദീസ എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കശ്മീർ. മഞ്ഞുമൂടിയ പർവതനിരകൾ, ശാന്തമായ തടാകങ്ങൾ, സമൃദ്ധമായ താഴ്‌വരകൾ എന്നിവയാൽ സമ്പന്നമായ കശ്മീരിലേയ്ക്ക് ഒരു യാത്ര പലരുടെയും സ്വപ്നമാണ്. കശ്മീരിലേക്കുള്ള യാത്ര ചെലവേറിയാതണെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്നാൽ, മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ തന്നെ കശ്മീരിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും.

കശ്മീർ സന്ദർശിക്കാൻ ശരിയായ സമയം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. താങ്ങാനാവുന്ന നിരക്കിലുള്ള താമസം, പ്രാദേശികമായ കാഴ്ചകൾ തുടങ്ങി നിങ്ങളുടെ യാത്ര ചെലവ് ചുരുക്കാൻ ധാരാളം മാർഗങ്ങളുണ്ട്. അതിനാൽ, കശ്മീർ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്ന് നോക്കാം. 

1. സീസൺ തിരഞ്ഞെടുക്കുക

ഓഫ് സീസണിൽ യാത്ര ചെയ്യുന്നത് വിമാന ടിക്കറ്റ്, താമസം എന്നിവയുടെ ചെലവ് ഗണ്യമായി കുറയ്ക്കും. വസന്തകാലത്തിന്റെ അവസാനവും ശരത്കാലത്തിന്റെ തുടക്കവും കശ്മീരിൽ സുഖകരമായ കാലാവസ്ഥയായിരിക്കും. ശൈത്യകാലത്തെയോ വേനൽക്കാലത്തെയോ അപേക്ഷിച്ച് ഓഫ് സീസണായി കണക്കാപ്പെടുന്ന ഈ സമയം മൊത്തത്തിലുള്ള ചെലവ് കുറവായിരിക്കും. വിനോദസഞ്ചാരികളുടെ തിരക്കില്ലാതെ തന്നെ നിങ്ങൾക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയും. അതായത് മികച്ച ഡീലുകളും കൂടുതൽ സമാധാനപരമായ അനുഭവവും സ്വന്തമാക്കാൻ ഈ സമയമാണ് ഉചിതം.

2. ഗതാഗതം ബുക്ക് ചെയ്യുക

തിരക്കേറിയ സീസണിൽ ശ്രീനഗറിലേക്കുള്ള വിമാനയാത്രകൾ ചെലവേറിയതായിരിക്കും. അതിനാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുക. അല്ലെങ്കിൽ, നിങ്ങൾക്ക് ജമ്മുവിലേക്ക് ട്രെയിനിൽ പോകുകയും അവിടെ നിന്ന് ഷെയർ ടാക്സികളിലോ ബസുകളിലോ ശ്രീനഗറിലെത്തുകയും ചെയ്യാം. നേരിട്ട് ശ്രീന​ഗറിലേയ്ക്ക് വിമാനത്തിൽ പോകുന്നതിനേക്കാൾ വളരെ ചെലവ് കുറയ്ക്കാൻ ഈ വഴി സാധിക്കും. ഈ റൂട്ട് കൂടുതൽ സമയമെടുത്തേക്കാമെങ്കിലും യാത്ര ആസ്വദിക്കാൻ ഇതിലും മികച്ച ഓപ്ഷനില്ലെന്ന് തന്നെ പറയാം.

3. താമസ സൗകര്യം തിരഞ്ഞെടുക്കുക

കശ്മീരിലെ ആഡംബര ഹോട്ടലുകളിൽ താമസിക്കാൻ ചെലവ് കൂടുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ, ചെറിയ ഹോട്ടലുകൾ തുടങ്ങി ബജറ്റിന് അനുയോജ്യമായ നിരവധി ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്. പ്രാദേശിക കുടുംബങ്ങളോടൊപ്പം താമസിക്കുന്നത് പണം ലാഭിക്കുക മാത്രമല്ല, നിങ്ങൾക്ക് ഒരു യഥാർത്ഥ കശ്മീരി അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. പല ഹോംസ്റ്റേകളിലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം ലഭ്യമാണ്. ഇത് ഭക്ഷണച്ചെലവ് കുറയ്ക്കാൻ സഹായിക്കും.

4. നാടൻ ഭക്ഷണം ആസ്വദിക്കാം

ചെലവേറിയ റെസ്റ്റോറന്റുകൾ ഒഴിവാക്കി, പ്രാദേശിക ഭക്ഷണശാലകളിലോ ധാബകളിലോ പരമ്പരാഗത കശ്മീരി വിഭവങ്ങൾ പരീക്ഷിക്കാം. രോഗൻ ജോഷ്, ദം ആലു, കഹ്‌വ തുടങ്ങിയ ഭക്ഷണങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാണ്. രുചിയിലും വിട്ടുവീഴ്ചയുണ്ടാകില്ല. തദ്ദേശവാസികൾ കഴിക്കുന്നിടത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് രുചികൾ ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ ബജറ്റ് നിയന്ത്രിക്കാനുള്ള എളുപ്പ മാർ​ഗം കൂടിയാണ്.

5. പൊതുഗതാഗതവും ഷെയേർഡ് ക്യാബുകളും

കാഴ്ചകൾ കാണാൻ സ്വകാര്യ ടാക്സികൾ വാടകയ്‌ക്കെടുക്കുന്നത് ചിലവ് വർധിപ്പിക്കും. പകരം, കൂടുതൽ താങ്ങാനാവുന്നതും വ്യാപകമായി ലഭ്യമായതുമായ ഷെയർ ക്യാബുകളോ ലോക്കൽ ബസുകളോ തിരഞ്ഞെടുക്കുക. ഇത് പണം ലാഭിക്കുക മാത്രമല്ല, ഒരു യഥാർത്ഥ സഞ്ചാരിയെപ്പോലെ നാട്ടുകാരുമായി ഇടപഴകാനും കാശ്മീർ അനുഭവിക്കാനും നിങ്ങൾക്ക് അവസരം നൽകുന്നു.

6. സൗജന്യവും ചെലവുകുറഞ്ഞതുമായ ആക്ടിവിറ്റീസ്

കശ്മീരിന്റെ പ്രകൃതി സൗന്ദര്യമാണ് ‌ഏറ്റവും വലിയ ആകർഷണം. അത് ആസ്വദിക്കാൻ വലിയ ചിലവ് വരില്ല. മുഗൾ ഗാർഡനുകൾ സന്ദർശിക്കുക, ദാൽ തടാകത്തിൽ ചുറ്റിനടക്കുക അല്ലെങ്കിൽ പ്രാദേശിക വിപണികൾ സൗജന്യമായി പര്യവേക്ഷണം ചെയ്യുക. ട്രെക്കിംഗിനും ബോട്ടിം​ഗിനും തിരക്ക് കുറവുള്ള സമയം തിരഞ്ഞെടുക്കുക.

കാശ്മീർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

കുറഞ്ഞ ചെലവിൽ കാശ്മീർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ മെയ് വരെയാണ് (വസന്തകാലം). സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള (ശരത്കാലം) സമയവും അനുയോജ്യമാണ്. ഈ മാസങ്ങളിൽ സുഖകരമായ കാലാവസ്ഥയും, തിരക്ക് കുറവും, ശൈത്യകാലത്തേക്കാളും വേനൽക്കാലത്തേക്കാളും ചെലവ് കുറവുമായിരിക്കും. വസന്തകാലത്ത് മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

കശ്മീരിൽ എങ്ങനെ എത്തിച്ചേരാം?

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് വ്യോമ, റെയിൽ, റോഡ് മാർഗങ്ങളിലൂടെ കശ്മീരിലേക്ക് എത്തിച്ചേരാം. ദില്ലി, മുംബൈ, മറ്റ് മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പതിവായി ശ്രീനഗർ വിമാനത്താവളത്തിലേക്ക് വിമാന സർവീസുണ്ട്. നിങ്ങൾക്ക് റെയിൽ യാത്ര ഇഷ്ടമാണെങ്കിൽ, ജമ്മു താവി റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ കയറാം. തുടർന്ന് ബസുകളോ ഷെയർ ടാക്സികളോ ഉപയോഗിച്ച് ശ്രീനഗറിലേക്ക് റോഡ് മാർഗം യാത്ര തുടരുക. ജമ്മു മുതൽ ശ്രീനഗർ വരെയുള്ള മനോഹരമായ റോഡ് യാത്രകളും ജനപ്രിയമാണ്.

PREV
Read more Articles on
click me!

Recommended Stories

കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ
ഇത് കുടുക്കത്തുപാറ; ബ്രിട്ടീഷ് ഭരണകാലത്തെ സാഹസികരുടെ കേന്ദ്രം