1 കി.മീ ചുറ്റളവിൽ നോൺ-വെജ് കഴിക്കാൻ പാടില്ല! ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും സഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകളും

Published : Jan 05, 2026, 02:54 PM IST
Bhambavli Vajrai Waterfall

Synopsis

മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭാംബാവ്‌ലി വജ്രായ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായി കണക്കാക്കപ്പെടുന്നു. ഉർമോദി നദിയിൽ നിന്നാണ് ഉത്ഭവം. 

പ്രകൃതി കാത്തുവെച്ചിരിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വെള്ളം ഏറെ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനംമയക്കും. വെള്ളത്തിന്റെ ശബ്ദവും മൂടൽമഞ്ഞിന്റെ മേലാപ്പുമെല്ലാം ഈ കാഴ്ച കൂടുതൽ മനോഹരമാക്കുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കുന്നവയാണ് വെള്ളച്ചാട്ടങ്ങൾ. ഇന്ത്യയിലും എണ്ണിയിലൊടുങ്ങാത്ത അത്ര വെള്ളച്ചാട്ടങ്ങളുണ്ട്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയാമോ?

മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭാംബാവ്‌ലി വജ്രായ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണെന്ന് സതാര ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ഇതു പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടത്തിന്റെ ഉയരം 1,840 അടിയാണ് (560 മീറ്റര്‍). മൂന്ന് ലെയറുകളായി നേർരേഖയിൽ പാറക്കെട്ടിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന ഭാംബാവ്‌ലി വജ്രായ് വെള്ളച്ചാട്ടം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.

ഉർമോദി നദിയാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായി താഴേയ്ക്ക് പതിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിക്കുന്നത് അനുസരിച്ച് ഉർമോദി നദിയുടെ ഉത്ഭവസ്ഥാനമാണിത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എന്നതിലുപരി വർഷത്തിൽ 12 മാസവും ഇത് വറ്റാതെ ഒഴുകുന്നു എന്നതാണ് സവിശേഷത. ഈ വെള്ളച്ചാട്ടം സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാത്രമാണ് ഇവിടം സന്ദർശിക്കേണ്ടത്. മഴക്കാലത്ത് ഇവിടം സന്ദർശിക്കരുത്. പാമ്പുകൾ നിരവധിയുള്ള പ്രദേശമാണിത്. മാത്രമല്ല, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം. ഔദ്യോ​ഗിക വെബ്‌സൈറ്റ് പ്രകാരം, വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ ഇവിടം പ്ലാസ്റ്റിക് രഹിത മേഖലയാണ്. മദ്യപാനവും പാടില്ല. വെള്ളത്തിലിറങ്ങി നീന്തുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ആരംഭിക്കുന്നു; അറിയേണ്ടതെല്ലാം
ഓരോ ചുവടിലും മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; ഇത് വെറുമൊരു മലയല്ല! അഗസ്ത്യാർകൂടം ചിത്രങ്ങൾ