
കാടും കോടയും പച്ചപ്പുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ് മൂന്നാർ. ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ആദ്യം തന്നെ പലരുടെയും മനസിലേക്ക് എത്തുക മൂന്നാറായിരിക്കും. പച്ച പുതച്ച മലനിരകളും തേയിലത്തോട്ടങ്ങളും കോടമഞ്ഞുമൊക്കെയായി സഞ്ചാരികളുടെ മനംകവരാൻ ആവശ്യമുള്ളതെല്ലാം മൂന്നാര്‍ കാത്തുവെച്ചിട്ടുണ്ട്. അധികം അവധികളില്ലാത്തവര്‍ക്ക് വളരെ പെട്ടെന്ന് മൂന്നാറിൽ പ്രധാനമായും എന്തൊക്കെ കാഴ്ചകൾ കാണാമെന്നാണ് ഇനി പറയാൻ പോകുന്നത്.
കെഎസ്ആർടിസി ബസിൽ മൂന്നാറിലേയ്ക്ക് പോകുന്നവർക്ക് രാവിലെയാണെങ്കിൽ മനോഹരമായ ക്ലൗഡ് ബെഡ് കാണാം. സ്വന്തം വാഹനത്തിൽ അല്ലാതെ വരുന്നവര്‍ക്ക് മൂന്നാറിൽ നിന്ന് ഒരു ബൈക്കോ സ്കൂട്ടറോ വാടകയ്ക്ക് എടുക്കാം. ആദ്യം നേരെ ഇരവികുളം നാഷണൽ പാര്‍ക്കിലേയ്ക്ക് പോകാം. മൂന്നാറിൽ നിന്ന് വെറും 8 കി.മീറ്ററിൽ താഴെ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. ഭാഗ്യമുണ്ടെങ്കിൽ ഇവിടെ വരയാടുകളെ കാണാം. മൂന്നാറിൽ നിന്ന് പെട്ടെന്ന് എത്താൻ പറ്റുന്ന മറ്റൊരിടമാണ് മാട്ടുപ്പെട്ടി ഡാം. ഇവിടെ ബോട്ടിംഗിന് സൗകര്യമുണ്ട്. മലനിരകളാൽ ചുറ്റപ്പെട്ട മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിംഗ് ഒരിക്കലും മിസ്സാക്കരുത്.
മാട്ടുപ്പെട്ടിയിൽ നിന്ന് നേരെ വട്ടവടയിലേയ്ക്ക് പോകാം. ഏകദേശം 42 കി.മീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. പോകുന്ന വഴിയിൽ എക്കോ പോയിന്റും ടോപ് സ്റ്റേഷനുമുണ്ട്. മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ അനുയോജ്യമായ റൂട്ടാണിത്. ചെക്ക് പോസ്റ്റ് കടന്നാൽ പിന്നീട് കാണുന്ന കാഴ്ചകൾ ആരെയും അമ്പരപ്പിക്കും. പാമ്പാടുംചോല നാഷണൽ പാർക്കിലൂടെയുള്ള ഈ യാത്ര തന്നെയാണ് ഹൈലൈറ്റ്. ആവശ്യത്തിന് സമയമുണ്ടെങ്കിൽ ആനക്കുളം, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, സൂര്യനെല്ലി, കൊളുക്കുമല തുടങ്ങിയ അതിമനോഹരമായ സ്ഥലങ്ങളും സന്ദര്‍ശിക്കാവുന്നതാണ്.