നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ; നിങ്ങളുടെ 'വൈബ്' ഏതാണ്? ഇനി സംശയം വേണ്ട

Published : Nov 25, 2025, 04:11 PM IST
Goa

Synopsis

ഗോവയിലെത്തുന്നവര്‍ക്ക് എപ്പോഴും ഉണ്ടാകുന്ന സംശയമാണ് താമസിക്കാൻ ഏത് സ്ഥലം തിരഞ്ഞെടുക്കണം എന്നത്. നോർത്ത് ഗോവ തിരക്കേറിയ അന്തരീക്ഷമാണെങ്കിൽ സൗത്ത് ഗോവ ശാന്തമാണ്. 

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. നിരവധി വിനോദസഞ്ചാരികളാണ് അവധി ആഘോഷത്തിനായി ​ഗോവയിലേയ്ക്ക് എത്താറുള്ളത്. ​ഗോവയിലെത്തിയാൽ എവിടെ താമസിക്കണം എന്ന് തീരുമാനിക്കുന്നത് വലിയൊരു കടമ്പ തന്നെയാണ്. നോർത്ത് ​ഗോവയും സൗത്ത് ​ഗോവയും തന്നെയാണ് ഇതിന് കാരണം. ഈ രണ്ട് സ്ഥലങ്ങളും വ്യത്യസ്തമായ വൈബുകളാണ് സമ്മാനിക്കുക. ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളുണ്ട്. ഒരു ഭാഗം സജീവവും വർണ്ണാഭമായതുമാണെങ്കിൽ മറ്റൊന്ന് ശാന്തവും മനോഹരവുമാണ്. നിങ്ങളുടെ യാത്രയ്ക്ക് ഇതിൽ ​ഗോവയിലെ ഏത് ഭാ​ഗമാണ് അനുയോജ്യമെന്ന് നോക്കാം.

നോർത്ത് ഗോവ

1. വൈബ്: പകലും രാത്രിയും ഒരുപോലെ തിരക്കുള്ള പ്രദേശമാണ് നോർത്ത് ​ഗോവ. തിരക്കേറിയ കടൽത്തീരങ്ങൾ, സജീവമായ കഫേകൾ, പാർട്ടികൾ, സ്ട്രീറ്റ് ഷോപ്പിംഗ് തുടങ്ങി അടിമുടി കളർഫുള്ളായ അന്തരീക്ഷം ഇഷ്ടമാണെങ്കിൽ നോർത്ത് ​ഗോവയാണ് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലം. നോര്‍ത്ത് ഗോവയിലെ അന്തരീക്ഷം നിങ്ങളെ എപ്പോഴും ഉണർവോടെയും ഊർജ്ജസ്വലമായും നിലനിർത്തും.

2. ബീച്ചുകൾ: ബാഗ, കലാൻഗൂട്ടെ, കാൻഡോലിം, അഞ്ചുന, വാഗത്തൂർ എന്നിവയാണ് നോർത്ത് ​ഗോവയിലെ പ്രധാന ബീച്ചുകൾ. ഈ ബീച്ചുകളിൽ ഷാക്കുകൾ, വാട്ടർ സ്പോർട്സ്, മ്യൂസിക് എന്നിവയുണ്ട്. വിശ്രമിക്കാനോ പാർട്ടികളിൽ പങ്കെടുക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഈ ബീച്ചുകൾ സന്ദർശിക്കാം.

3. ഭക്ഷണവും നൈറ്റ് ലൈഫും: ബീച്ച് ക്ലബ്ബുകൾ മുതൽ പ്രസിദ്ധമായ നൈറ്റ് മാർക്കറ്റുകളും ഓപ്പൺ ബാറുകളും വരെ ഇവിടെയുണ്ട്. ഗോവയിലെ നൈറ്റ് ലൈഫിന്റെ ഹൃദയമാണ് നോർത്ത് ഗോവ എന്ന് പറയാം. ഗോവൻ വിഭവങ്ങളുടെ പറുദീസയാണിവിടം. സീഫുഡ് മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ നിങ്ങൾക്ക് ഇവിടെ ലഭിക്കും. നൈറ്റ് ലൈഫ് തന്നെയാണ് എടുത്തുപറയേണ്ടത്.

4. വിനോദങ്ങൾ: പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ് പോലെയുള്ള വാട്ടർ സ്പോർട്സുകൾ, ഫ്ലീ മാർക്കറ്റുകൾ, കോട്ടകളിലെ സന്ദർശനം, നൈറ്റ് ലൈഫ് അനുഭവങ്ങൾ എന്നിവയാണ് പ്രധാനം. ഇത് ഗ്രൂപ്പ്, സോളോ, യുവ സഞ്ചാരികൾക്ക് അനുയോജ്യമാണ്. ഇവിടെ നിങ്ങൾക്ക് ഒരിക്കലും വിരസത തോന്നില്ല. ഊർജ്ജസ്വലമായ സംസ്കാരവും അതിമനോഹരമായ ബീച്ചുകളും നോർത്ത് ​ഗോവയെ ഒരു മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

സൗത്ത് ഗോവ

1. വൈബ്: നോർത്ത് ​ഗോവയെ അപേക്ഷിച്ച് സൗത്ത് ഗോവ ശാന്തവും സ്വസ്ഥവുമാണ്. വിശ്രമിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കാണ് ഇവിടം അനുയോജ്യം. കൂടുതൽ വിശാലവും പച്ചപ്പുള്ളതുമായ പ്രദേശമാണിത്. ദീർഘനേരം വലിയ തിരക്കില്ലാത്ത ബീച്ചുകളിൽ സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സൗത്ത് ​ഗോവ സന്ദർശിക്കാം.

2. ബീച്ചുകൾ: കോൾവ, ബെനൗലിം, പാലോലം, അഗോണ്ട, വാർക്ക, പട്‌നെം എന്നിവ സൗത്ത് ​ഗോവയിലെ ഏറ്റവും മനോഹരവും ശാന്തവുമായ ബീച്ചുകളിൽ ചിലതാണ്. തിരക്കില്ലാതെ സ്വകാര്യതയും, ശാന്തമായ ഷാക്കുകളും, അതിമനോഹരമായ സൂര്യാസ്തമയങ്ങളും ഇവിടം ഉറപ്പ് നൽകുന്നു.

3. ഭക്ഷണവും നൈറ്റ് ലൈഫും: സുഖപ്രദമായ കഫേകൾ, ബീച്ചുകളോടടുത്തുള്ള റെസ്റ്റോറന്റുകൾ, കുറഞ്ഞ വേഗതയിലുള്ള നൈറ്റ് ലൈഫ് എന്നിവ ഇവിടെ പ്രതീക്ഷിക്കാം. ഇത് നൈറ്റ് പാർട്ടികൾ കുറവുള്ള, ശാന്തമായ സായാഹ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നയിടമാണ്. പ്രാദേശിക വിഭവങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാനാകും.

4. വിനോദങ്ങൾ: കായലുകളിലെ കയാക്കിംഗ്, ഡോൾഫിൻ സ്പോട്ടിംഗ്, യോഗ റിട്രീറ്റുകൾ, സ്പാ എന്നിവയാണ് സൗത്ത് ​ഗോവയിലെ പ്രധാന വിനോദങ്ങൾ. ദമ്പതികൾക്കും കുടുംബങ്ങൾക്കും ഹണിമൂൺ കപ്പിൾസിനും തിരക്കുകളിൽ നിന്ന് ഒഴിയാൻ ആഗ്രഹിക്കുന്ന ആർക്കും സൗത്ത് ​ഗോവ അനുയോജ്യമാണ്. ശാന്തമായ ചുറ്റുപാടുകളും അന്തരീക്ഷവും വിശ്രമത്തിനും പുത്തനുണർവിനും അനുയോജ്യമായ മേഖലയാക്കി സൗത്ത് ​ഗോവയെ മാറ്റുന്നു.

നോർത്ത് ഗോവയോ സൗത്ത് ഗോവയോ?

നോര്‍ത്ത് ഗോവയും സൗത്ത് ഗോവയും അവയുടേതായ പ്രത്യേകതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ, നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ പുതിയ കഫേകളും ഷോപ്പിംഗ് സ്ട്രീറ്റുകളും കണ്ടെത്താൻ താത്പ്പര്യപ്പെടുന്നുണ്ടെങ്കിൽ നോർത്ത് ഗോവ മികച്ച ഓപ്ഷനായിരിക്കും. എന്നാൽ, ശാന്തമായ ബീച്ചുകൾ, നല്ല ഭക്ഷണം എന്നിവയോടു കൂടിയ വിശ്രമവേളയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സൗത്ത് ഗോവയാണ് നിങ്ങൾക്ക് അനുയോജ്യം. എന്നാൽ, പലരും ​ഗോവയെ മൊത്തത്തിൽ ആസ്വദിക്കാനായി നോർത്തിലേയ്ക്കും സൗത്തിലേയ്ക്കും ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'