
തേക്കടിയുടെ പച്ചപ്പ് നിറഞ്ഞ മലനിരകളുടെ അരികിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധമുള്ള ഒരിടമുണ്ട്. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു നിമിഷം മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മുരിക്കടിയിലേക്ക് വരാം. ഈ ഗന്ധവും അമ്പരപ്പിക്കുന്ന വ്യൂപ്പോയിന്റുകളും, കാടിനുള്ളിലൂടെ വീശുന്ന മഞ്ഞും എല്ലാം യാത്രക്കാരനെ ആദ്യ നിമിഷം മുതൽ തന്നെ മായ്ക്കപ്പെടാത്ത അനുഭവത്തിലേക്ക് കൊണ്ടുപോവും.
വന്യജീവി സങ്കേതത്തിന് പേരുകേട്ട, ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് മുരിക്കടി സ്ഥിതി ചെയ്യുന്നത്. തണുപ്പും സുഖകരവുമായ കാലാവസ്ഥയുള്ള ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ശാന്തമായ സ്ഥലം നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ പറ്റിയ ഇടമാണ്.
കുന്നുകളും മലകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഒക്കെയായാണ് മുരിക്കടി വ്യൂപോയിന്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. വിശാലമായ കുരുമുളക്, ഏലം, തേയില, കാപ്പി തോട്ടങ്ങളാണ് ഈ കുന്നിൻ പ്രദേശത്തിന്റെ പ്രത്യേകത. ഈ പ്രദേശത്തു കൂടി നടക്കുമ്പോൾ, ഏലം, കുരുമുളക്, കാപ്പി എന്നിവയുടെ സമൃദ്ധമായ സുഗന്ധം നിങ്ങളെ സ്വാഗതം ചെയ്യും.
സന്ദർശകർക്ക് വിശാലമായ തോട്ടങ്ങളിലൂടെ നടക്കാനും തണുത്ത കാറ്റ് ആസ്വദിക്കാനും കഴിയും. കർഷകരുമായി സംവദിക്കാനും പരമ്പരാഗതവും പഴക്കമുള്ളതുമായ സുഗന്ധവ്യഞ്ജന കൃഷിയെക്കുറിച്ച് അറിയാനും മുരിക്കടി ഒരു മികച്ച സ്ഥലമാണ്. ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. സന്ദർശകർക്ക് കർഷകരിൽ നിന്ന് നേരിട്ട് പുതിയ ഉൽപ്പന്നങ്ങൾ വാങ്ങാം.
പ്രകൃതി സ്നേഹികൾക്കും, കാൽനടയാത്രക്കാർക്കും, ട്രെക്കിംഗ് നടത്തുന്നവർക്കും, ഫോട്ടോഗ്രാഫി പ്രേമികൾക്കും അനുയോജ്യമായ സ്ഥലമാണ് മുരിക്കടി. മൂടൽമഞ്ഞ് മൂടിയ പർവതനിരകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും, വളഞ്ഞുപുളഞ്ഞൊഴുകുന്ന അരുവികളുടെയുമെല്ലാം മനോഹരമായ കാഴ്ചകളും, ഫോട്ടോഗ്രാഫർമാർക്ക് ഈ ഹിൽ സ്റ്റേഷൻ ഒരുക്കുന്നുണ്ട്.
തേക്കടി സന്ദർശിക്കാൻ വരുന്ന മിക്ക വിനോദസഞ്ചാരികളും മുരിക്കാടിയും സന്ദർശിക്കുന്നു. ആനകളുടെയും കടുവകളുടെയും, വന്യമൃഗങ്ങളുടെ, സങ്കേതമായ പ്രശസ്തമായ പെരിയാർ വന്യജീവി സങ്കേതം ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ്. സുഗന്ധദ്രവ്യ വിപണിയും ട്രെക്കിംഗിനുള്ള പ്രവേശന കേന്ദ്രവുമായ കുമളി എന്ന തിരക്കേറിയ പട്ടണവും സമീപത്താണ്.