മോദി - മിലേ കൂടിക്കാഴ്ച ഫലം കണ്ടു; അ‍ര്‍ജന്റീന സന്ദര്‍ശിക്കാൻ ഇന്ത്യക്കാ‍ര്‍ക്ക് ഇനി യുഎസ് വിസ മതി

Published : Aug 28, 2025, 02:42 PM IST
Modi - Milei

Synopsis

ജൂലൈയിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ടൂറിസം മേഖലയിലെ സഹകരണം ച‍ര്‍ച്ചയായിരുന്നു. 

ദില്ലി: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. സാധുവായ യുഎസ് ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ പാലിക്കേണ്ട നിയമങ്ങൾ അർജന്റീന ലഘൂകരിച്ചു. അർജന്റീനയിലേയ്ക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി പ്രത്യേക അർജന്റീന വിസയ്‌ക്കോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (എവിഇ) അപേക്ഷിക്കേണ്ടതില്ല. കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാധുവായ യുഎസ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ അധിക ഫീസുകളോ പേപ്പർ വർക്കുകളോ ഇല്ലാതെ തന്നെ അർജന്റീനയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ഡീറെഗുലേഷൻ മന്ത്രി ഫെഡറിക്കോ സ്റ്റർസെനെഗർ അറിയിച്ചു.

2024ൽ മാത്രം 2.2 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് യാത്ര ചെയ്തത്. നിയമങ്ങളിൽ ഇളവുകൾ വരുത്തിയതോടെ അർജന്റീനയിലേയ്ക്കുള്ള ഇന്ത്യക്കാരുടെ വരവ് ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ ജൂലൈയിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തണം എന്ന ധാരണയിലെത്തിയിരുന്നു. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത് ഇപ്പോൾ അർജന്റീന സർക്കാരിന്റെ മുൻ‌ഗണനയാണെന്ന് ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ കൗസിനോ വ്യക്തമാക്കി.

അർജന്റീനയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

ബ്യൂണസ് അയേഴ്‌സ്: 'തെക്കേ അമേരിക്കയുടെ പാരീസ്' എന്നറിയപ്പെടുന്ന ബ്യൂണസ് അയേഴ്സ് ചരിത്രാന്വേഷികൾക്കും നൈറ്റ് ലൈഫ് ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ അനുയോജ്യമായ സ്ഥലമാണ്.

ഇഗ്വാസു വെള്ളച്ചാട്ടം: അർജന്റീനയുടെയും ബ്രസീലിന്റെയും അതിർത്തിയിലുള്ള ഒരു അതിമനോഹരമായ വെള്ളച്ചാട്ടമാണിത്. ലോകത്തിലെ ഏറ്റവും വലുതും അതിശയകരവുമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായാണ് ഇ​ഗ്വാസു വെള്ളച്ചാട്ടം കണക്കാക്കപ്പെടുന്നത്.

പാറ്റഗോണിയ: സാഹസികത ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്. ഹിമാനികൾ, പർവതങ്ങൾ, വന്യജീവികളുടെ കാഴ്ചകൾ എന്നിവ പാറ്റ​ഗോണിയ വാഗ്ദാനം ചെയ്യുന്നു.

മെൻഡോസ: 'അർജന്റീനയുടെ വൈൻ ക്യാപിറ്റൽ' എന്നാണ് മെൻഡോസ അറിയപ്പെടുന്നത്. മനോഹരമായ മുന്തിരിത്തോട്ടങ്ങളാണ് മെൻഡോസയിലെ പ്രധാന ആകർഷണം.

ബാരിലോച്ചെ: തടാകങ്ങൾ, ചോക്ലേറ്റ് ഷോപ്പുകൾ, സ്കീ റിസോർട്ടുകൾ എന്നിവയുള്ള മനോഹരമായ ഒരു ആൽപൈൻ പട്ടണമാണ് ബാരിലോച്ചെ.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല