മഞ്ഞിൽ കുളിച്ച് വാഗമൺ; മഴ നനഞ്ഞ്, കുളിരണിഞ്ഞ് ആനന്ദക്കൊടുമുടി കയറാം

Published : Jul 12, 2025, 12:08 PM IST
Vagamon

Synopsis

പ്രകൃതിയുടെ പച്ചപ്പ്, കോടമഞ്ഞ്, കുളിർകാറ്റ്, വെള്ളച്ചാട്ടങ്ങൾ എന്നിവ സഞ്ചാരികളെ വാഗമണ്ണിലേയ്ക്ക് ആകർഷിക്കുന്നു. 

കോട്ടയം: മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. കാറിലോ ബൈക്കിലോ മഴക്കാലത്തെ മനോഹരമായ കാഴ്ചകൾ കണ്ട് ഹിൽ സ്റ്റേഷനുകളിലേയ്ക്ക് പോകുകയെന്നത് പതിവായി പലരും ചെയ്യാറുള്ള കാര്യമാണ്. പ്രകൃതി പച്ച പുതയ്ക്കുന്നതും കോടമഞ്ഞും കുളിർകാറ്റും വെള്ളച്ചാട്ടങ്ങളുടെ വശ്യസൗന്ദര്യവുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നവയാണ്. അത്തരത്തിൽ അതിമനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്ന സ്ഥലമാണ് വാ​ഗമൺ.

മഴക്കാലത്ത് വാ​ഗമണ്ണിലെ കാഴ്ചകൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍. വാഗമണ്‍ പട്ടണം ഉള്‍പ്പെടെ വാഗമണ്‍ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണ്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിം​ഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് വാഗമണ്‍.

വാ​ഗമൺ അഡ്വഞ്ചർ പാർക്കിലെത്തിയാൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ആസ്വദിക്കാൻ കഴിയുന്ന നിരവധി ആക്ടിവിറ്റികളുണ്ട്. ​ഗ്ലാസ് ബ്രിഡ്ജ് തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 5 മിനിട്ട് സമയം മാത്രമേ ​ഗ്ലാസ് ബ്രി‍ഡ്‍ജിൽ അനുവദിക്കുകയുള്ളൂവെങ്കിലും അത് നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. തങ്ങൾപ്പാറ, മുരുകൻ മല, കുരിശുമല തുടങ്ങിയ സ്ഥലങ്ങളും കാണേണ്ടവ തന്നെയാണ്. കുരിശുമലയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു കന്നുകാലി ഫാം നടത്തുന്നുണ്ട്.

കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻ ഫോറസ്റ്റുകൾ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാ​ഗമൺ. പൈൻ ഫോറസ്റ്റിലേയ്ക്ക് നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. പ്രധാന പൈൻ ഫോറസ്റ്റിൽ തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ലോവർ പൈൻ വാലിയിൽ അത്ര തിരക്കുണ്ടാകാറില്ല. അതിനാൽ തന്നെ കൂടുതൽ സമാധാനപരമായ അന്തരീക്ഷം നിങ്ങൾക്ക് ഇവിടെ ലഭിക്കും.

വാ​ഗമൺ മെഡോസ് (മൊട്ടക്കുന്ന്), വാ​ഗമൺ ലേക്ക് എന്നിവയും പട്ടണത്തിൽ നിന്ന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നവയാണ്. അതിനാൽ തന്നെ വാ​ഗമണ്ണിലെത്തിയാൽ അധിക ദൂരം സഞ്ചരിക്കാതെ നിരവധി കാഴ്ചകൾ കാണാൻ സാധിക്കുമെന്നതാണ് സവിശേഷത. നിരവധി ഹോം സ്റ്റേകളും ഹോട്ടലുകളുമെല്ലാം വാ​ഗമണ്ണിലും സമീപപ്രദേശങ്ങളിലുമായുണ്ട്. 

വിശാലമായ തേയിലത്തോട്ടങ്ങളുടെ കാഴ്ചകൾ ആസ്വദിക്കാൻ വാ​ഗമൺ - ഏലപ്പാറ റൂട്ടിൽ സഞ്ചരിച്ചാൽ മതി. മഴക്കാലത്താണെങ്കിൽ ഈരാറ്റുപേട്ടയിൽ നിന്ന് വാ​ഗമണ്ണിലേയ്ക്കുള്ള യാത്രയിൽ റോഡിന്റെ ഒരു വശത്ത് നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും കാണാൻ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ