
കണ്ണൂരിലെ മലനിരകളിൽ പ്രകൃതിയുടെ മാന്ത്രികത ഒളിപ്പിച്ചുവെച്ചിരിക്കുന്ന അതിമനോഹരമായ സ്ഥലമാണ് പൈതൽമല. സാഹസികത ഇഷ്ടപ്പെടുന്നവർക്കും, പ്രകൃതി സ്നേഹികൾക്കും, നഗരത്തിരക്കുകളിൽ നിന്ന് ഒരൽപ്പം ഒഴിഞ്ഞുമാറി ശാന്തത ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടേയ്ക്ക് ധൈര്യമായി കയറി വരാം. സമുദ്രനിരപ്പിൽ നിന്ന് 1,372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽമല കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ്.
പശ്ചിമഘട്ട മലനിരകളിൽ, കേരള-കർണാടക അതിർത്തിയിൽ, കുടക് വനങ്ങൾക്ക് സമീപമാണ് പൈതൽമല സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. ട്രെക്കിംഗ് പ്രേമികളുടെ പ്രിയപ്പെട്ട സ്പോട്ടായ ഇവിടെ 6 കിലോമീറ്റർ നീളമുള്ള ട്രെക്കിംഗ് റൂട്ടാണുള്ളത്. ട്രെക്കിംഗിനിടയിൽ മനോഹരമായ വെള്ളച്ചാട്ടങ്ങളും, അയൽ സംസ്ഥാനമായ കർണാടകയുടെ അതിശയകരമായ വിദൂര ദൃശ്യങ്ങളും സഞ്ചാരികൾക്കായി കാഴ്ചയുടെ വിസ്മയമൊരുക്കും.
ട്രെക്കിംഗിനായി രണ്ട് വഴികൾ തിരഞ്ഞെടുക്കാം. ആലക്കോട് കാപ്പിമലയിൽ നിന്ന് ആരംഭിക്കുന്ന വഴി താരതമ്യേന കാഠിന്യമേറിയതാണ്. ട്രെക്കിംഗിൽ പരിചയസമ്പത്തുള്ളവർക്ക് ഈ പാത തിരഞ്ഞെടുക്കാം. കുടിയൻമലയ്ക്കടുത്തുള്ള പൊട്ടൻപ്ലാവിൽ നിന്നാരംഭിക്കുന്ന പാതയാണ് കൂടുതൽ എളുപ്പം. സാധാരണക്കാർ ഈ വഴി തിരഞ്ഞെടുക്കുന്നതാകും ഉചിതം. വഴി ഏത് തന്നെയായാലും പുൽമേടുകളുടെ വിശാലമായ ഇടനാഴിയിലൂടെ പൈതൽമലയുടെ കൊടുമുടിയിലേക്ക് നടന്നുകയറുന്നത് മറക്കാനാകാത്ത അനുഭവം തന്നെ സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പൈതൽമലയുടെ നെറുകിൽ നിന്ന് നോക്കുമ്പോൾ ഒരുവശത്ത് കൂർഗ് താഴ്‌വരകളും മറുവശത്ത് കണ്ണൂരിന്റെ സമതലങ്ങളും ദൃശ്യവിരുന്നൊരുക്കും. മൂടൽമഞ്ഞിന്റെ മറനീങ്ങിയാൽ, താഴ്‌വരയിലെ വീടുകളുടെ വിദൃരദൃശ്യങ്ങൾ കാണാം. തിരക്കേറിയ ജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പ്രകതിയിലലിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. മനുഷ്യന്റെ ഇടപെടൽ കുറവായതിനാൽ, മലിനീകരണമില്ലാത്ത ശുദ്ധവായുവും പ്രകൃതിയുടെ സമൃദ്ധിയും ഇവിടെ വേണ്ടുവോളം ആസ്വദിക്കാം.
ഇടതൂർന്ന അർദ്ധ-നിത്യഹരിത ഷോല വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന പൈതൽമലയും ചുറ്റുപാടും സമ്പന്നമായ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. നൂറിലധികം ഇനം ചിത്രശലഭങ്ങൾ, അനേകം അപൂർവ വൃക്ഷങ്ങൾ, സസ്യങ്ങൾ എന്നിവ ഇവിടെ കാണപ്പെടുന്നു. മൂടൽമഞ്ഞും പച്ച പുതച്ച കുന്നുകളും പുൽമേടുകളും കാണാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം തന്നെയാണ്.