
കാസര്‍കോഡ്: വടക്കൻ കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ചുവടുറപ്പിക്കാൻ സഹകരണ മേഖലയൊരുങ്ങുന്നു. സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം കാസർകോഡ് ബേഡഡുക്കയിലെ ചന്ദ്രഗിരിപ്പുഴയോരത്ത് പ്രവർത്തന സജ്ജമായി. ആറേക്കർ സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
ചന്ദ്രഗിരി പുഴയോരത്തെ തുരുത്തിലേക്ക് മനോഹരമായ തൂക്കുപാലത്തിലൂടെയാണ് പ്രവേശനം. പുഴയുടെ ഭംഗി നുകർന്ന് ആറേക്കറോളം വരുന്ന പൊലിയം തുരുത്തിലേക്ക്. പുഴകളാൽ ചുറ്റപ്പെട്ട തുരുത്തിൽ വിനോദ സഞ്ചാര ഗ്രാമം തന്നെയാണ് ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയിരിക്കുന്നത്. കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റർ, നടപ്പാത തുടങ്ങി പലതും പൊലിയം തുരുത്തിൽ ഒരുക്കിയിട്ടുണ്ട്. സഹകരണ മേഖലയിൽ സംസ്ഥാനത്ത് തന്നെ ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് സൊസൈറ്റി അധികൃതർ പറയുന്നു.
വാച്ച് ടവർ ഉൾപ്പെടെയുള്ളവ രണ്ടാം ഘട്ട വികസന പദ്ധതിയിലൊരുങ്ങും. നാൽപ്പതോളം പേർക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇവിടെ തൊഴിൽ ലഭിക്കുന്നത്. 5.18 കോടി രൂപ പദ്ധതിക്കായി ഇത് വരെ ചെലവിട്ടു. പ്രവാസികൾ ഉൾപ്പെടെ 460 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് കൂടുതൽ സഞ്ചാരികളെ ഇവിടെയെത്തിക്കാനും ആലോചനയുണ്ട്.