
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പ്രകൃതി കനിഞ്ഞരുളിയ നിരവധി അതിമനോഹരമായ സ്ഥലങ്ങളുണ്ട്. മലനിരകളും വെള്ളച്ചാട്ടങ്ങളും ബീച്ചുകളും സമൃദ്ധമായ വനങ്ങളുമെല്ലാമായി വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ ആവശ്യമായതെല്ലാം കേരളം കാത്തുവെച്ചിട്ടുണ്ട്. മൂന്നാറും വയനാടുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളാണ്. എന്നാൽ, മുമ്പൊരിക്കൽ കേരളത്തിലെത്തിയ പ്രശസ്ത ഹോളിവുഡ് താരമായ ലിയോനാർഡോ ഡികാപ്രിയോയെ അമ്പരപ്പിച്ചുകളഞ്ഞ മറ്റൊരു സ്പോട്ടുണ്ട്.
2002ലാണ് ലിയനാർഡോ ഡികാപ്രിയോ കേരളത്തിലെത്തിയത്. അന്ന് അദ്ദേഹം തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയ്ക്ക് അഭിമുഖമായി നിൽക്കുന്ന രാമക്കൽമേട് സന്ദർശിച്ചിരുന്നു. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ് എന്നായിരുന്നു രാമക്കൽമേട്ടിലെത്തിയ ശേഷം അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചത്. പശ്ചിമഘട്ടത്തിന്റെ ഉന്നതിയിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട്ടിൽ നിന്ന് കാണുന്ന കാഴ്ചകൾ ഏതൊരു സഞ്ചാരിയെയും അമ്പരപ്പിക്കുന്നതാണ്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഒരിക്കലും നിലയ്ക്കാത്ത രീതിയിലാണ് ഇവിടെ കാറ്റ് വീശിയടിക്കുന്നത്. മണിക്കൂറിൽ 30–35 കിലോമീറ്ററാണ് ഇവിടെ വീശുന്ന കാറ്റിന്റെ ശരാശരി വേഗത. ഏഷ്യയിലെ ഏറ്റവും കാറ്റുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. വിശ്വാസവും പ്രകൃതിയും സമന്വയിക്കുന്നയിടം കൂടിയാണ് രാമക്കൽമേട്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ശ്രീരാമൻ ഒരിക്കൽ സീതയെ അന്വേഷിച്ച് ഈ പാറക്കെട്ടുകൾക്ക് മുകളിൽ നിന്നിരുന്നു എന്നാണ് ഐതിഹ്യം. പാറക്കെട്ടുകളിൽ ഇപ്പോഴും ശ്രീരാമന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാനായി ഹോംസ്റ്റേകളും പരിസ്ഥിതി സൗഹൃദ റിസോർട്ടുകളുമെല്ലാം ലഭ്യമാണ്. പാരാഗ്ലൈഡർമാർക്കും, ട്രെക്കർമാർക്കും ശാന്തത തേടുന്നവർക്കുമെല്ലാം രാമക്കൽമേട് ഒരുപോലെ ആസ്വാദ്യകരമാകുമെന്നതിൽ സംശയമില്ല. കാഴ്ചകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം കേരളത്തിന്റെ പുനരുപയോഗ ഊർജ്ജ ശൃംഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നയിടം കൂടിയാണ് രാമക്കൽമേട്. 10.5 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.