ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും...ഗ്രാമീണ ഭംഗി വേണ്ടുവോളം ആസ്വദിക്കണോ? കുമ്പളങ്ങിയിലേയ്ക്ക് സ്വാഗതം

Published : Sep 01, 2025, 06:01 PM IST
Kavvayi kayal

Synopsis

തലമുറകളായി കൈമാറി വന്ന ജീവിതരീതി പിന്തുടരുന്ന ഗ്രാമീണ ജീവിതം ഇപ്പോഴും ഇവിടെ ഇല്ലാതായിട്ടില്ല. 

കൊച്ചി: ഫോർട്ട് കൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ചെമ്മീൻകെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന കുമ്പളങ്ങിയിലെ നിവാസികളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മീൻപിടുത്തവുമാണ്. ഇവയെല്ലാം സഞ്ചാരികൾക്കായി അതേപടി നിലനിർത്തിയതാണ് കുമ്പളങ്ങിയുടെ വിജയരഹസ്യം. ദിനംപ്രതി നിരവധിയാളുകളാണ് കായലുകളാൽ ചുറ്റപ്പെട്ട കുമ്പളങ്ങിയുടെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്. ഇവിടെയുള്ള ചീനവലകളുടെ കാഴ്ചകളും മനോഹരമാണ്. കണ്ടലുകളുടെ ഒരുനിരയാണ് കുമ്പളങ്ങി ഗ്രാമത്തെ വെള്ളത്തിൽ നിന്നും വേർതിരിക്കുന്നത് എന്നതാണ് സവിശേഷത.

ചെമ്മീൻ, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകൾ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടൽകാടും കൈത്തോടുകളും വയലുകളും ചേർന്ന ഭൂമി. തൊട്ടടുത്തുള്ള പള്ളുരുത്തിയും ഇതേ മാതൃകയിൽ വികസിച്ചു വരുന്ന മറ്റൊരിടമാണ്. തലമുറകളായി കൈമാറി വന്ന ജീവിതരീതി പിന്തുടരുന്ന ഗ്രാമീണ ജീവിതം ഇപ്പോഴും ഈ തീരദേശഗ്രാമങ്ങളിൽ ഇല്ലാതായിട്ടില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. മത്സ്യബന്ധന ഉപകരണങ്ങളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന കലാഗ്രാമം കലാകാരന്മാരുടെ ഗ്രാമമാണ്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ഇവിടെ എത്തുന്ന സന്ദർശകരുടെ പ്രധാന വിനോദങ്ങളിലൊന്നാണ്. ഗ്രാമത്തിലെ മിക്ക വീടുകളും ഇപ്പോൾ ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്. സന്ദർശകർക്ക് ഇവരുമായി ബന്ധപ്പെട്ട് താമസ സൗകര്യം സജ്ജമാക്കാം.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ധാരാളം പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമം കൂടിയാണ് കുമ്പളങ്ങി.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല