പ്രകൃതിയുടെ മടിത്തട്ടിലൊരു വെള്ളച്ചാട്ടം; പൊന്മുടി യാത്രയിൽ ഇവിടം മിസ്സാക്കരുതേ...

Published : Aug 07, 2025, 05:20 PM ISTUpdated : Aug 07, 2025, 05:22 PM IST
Kallar Meenmutti waterfalls

Synopsis

തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം.

കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ട് പ്രകൃതിയിലലിയാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് പറ്റിയ ഇടമാണ് തിരുവനന്തപുരം ജില്ലയിലെ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം. പ്രശസ്തമായ പൊന്മുടി ഹിൽ സ്റ്റേഷനിലേക്കുള്ള വഴിയിലാണ് ഈ സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് പേരുകേട്ട കല്ലാർ നദി കണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക് ട്രെക്ക് ചെയ്യാം.

കല്ലും ആറും കൂടിച്ചേർന്നാണ് ഇവിടം കല്ലാർ എന്ന് അറിയപ്പെടുന്നത്. പൊന്മുടിയിലേക്ക് പോകുന്ന യാത്രക്കാർ തീർച്ചയായും കാണേണ്ട സ്ഥലമാണിത്. പാറക്കെട്ടുകളുള്ള നദീതടവും തണുത്ത വെള്ളവുമാണ് സഞ്ചാരികളെ വരവേൽക്കുന്നത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണിത്. ട്രെക്കിംഗും പക്ഷിനിരീക്ഷണവും താത്പ്പര്യമുള്ളവർക്കും ഇവിടം മികച്ച ഓപ്ഷനാണ്.

വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന്റെ പ്രവേശന കവാടത്തിൽ സന്ദർശകര്‍ പ്രവേശന ഫീസ് നൽകണം. ഇവിടെ നിന്ന് വെള്ളച്ചാട്ടത്തിലേയ്ക്ക് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. പകുതിയോളം ദൂരം വാഹനത്തിൽ എത്തിച്ചേരാം. ബാക്കിയുള്ളത് കാൽനടയായി തന്നെ സഞ്ചരിക്കണം. അൽപ്പം അകത്തേയ്ക്ക് കയറുമ്പോൾ തന്നെ ധാരാളം പക്ഷികളെയും ചിത്രശലഭങ്ങളെയും കാണാൻ കഴിയും. ഓരോ 100 മീറ്ററിലും ​ഗൈഡുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ശക്തമായ മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ കല്ലാർ നദിയിൽ ഇറങ്ങുന്നത് നിരോധിക്കും.

വെള്ളച്ചാട്ടത്തിലേക്കുള്ള ഇടുങ്ങിയ പാത തന്നെ മനോഹരമാണ്. ഒരു വശത്ത് നദി താഴേക്ക് ഒഴുകുന്നത് കാണാം, മറുവശത്ത് ഇടതൂർന്ന വനം. ഉയർന്നുനിൽക്കുന്ന പച്ചപ്പു നിറഞ്ഞ മരങ്ങൾ, പക്ഷികളുടെ ശബ്ദങ്ങൾ, കാറ്റിൽ ആടുന്ന മുളങ്കാടുകളുടെ ശബ്ദം എന്നിവ വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് വിശ്രമിക്കാൻ പാതയിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിലേയ്ക്ക് അടുക്കുമ്പോൾ വലിയ ചരിഞ്ഞ പാറകൾ കാണാം. ഇത് കാടിന്റെ ഭംഗി കൂടുതൽ വർദ്ധിപ്പിക്കുന്നു. മീൻമുട്ടി വെള്ളച്ചാട്ടം കണ്ട് പുറത്തിറങ്ങിയ ശേഷം പൊന്മുടിയിലേയ്ക്ക് പോകാം.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ