
മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ സ്ഥലമാണ് കൊടൈക്കനാലിന് സമീപമുള്ള ഡെവിൾസ് കിച്ചൺ. കമലഹാസൻ നായകനായെത്തിയ ഗുണ എന്ന തമിഴ് സിനിമയുടെ ചില പ്രധാന ഭാഗങ്ങൾ ഇവിടെ വച്ചാണ് ചിത്രീകരിച്ചത്. ഇതോടെയാണ് ഇവിടം ഗുണ കേവ് എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. ബി. എസ് വാര്‍ഡ് എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥനാണ് ഈ ഗുഹ കണ്ടെത്തുന്നതെന്നാണ് ചരിത്രം. അന്ന് ഇവിടെ നിന്ന് നിഗൂഢമായ എന്തോ ശബ്ദം കേട്ടെന്നും അങ്ങനെയാണ് ഡെവിൾസ് കിച്ചൺ എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.
കൊടൈക്കനാൽ ബസ് സ്റ്റേഷനിൽ നിന്ന് 8.5 കിലോമീറ്റർ അകലെയാണ് ഗുണ കേവ് സ്ഥിതി ചെയ്യുന്നത്. പ്രധാന കവാടത്തിൽ നിന്ന് ഏകദേശം അര കിലോ മീറ്റര്‍ നടന്നാൽ ഗുണ കേവിന് മുകളിലെത്താം. മഴക്കാലത്തും മഞ്ഞ് കാലത്തും കോട മൂടുന്ന ഇവിടെ സഞ്ചാരികൾക്ക് വേണ്ടി ഒരു വാച്ച് ടവര്‍ സജ്ജമാക്കിയിട്ടുണ്ട്.
പുറമെ നിന്ന് കാണുമ്പോൾ വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമെന്ന് തോന്നുമെങ്കിലും ഉള്ളിലേയ്ക്ക് കടക്കുംതോറും ചിത്രം മാറും. അറിയാതെ ഒരു മരവിപ്പ് അനുഭവപ്പെടും. ‘മനിതര്‍ ഉണര്‍ന്ത് കൊള്ള ഇത് മനിത കാതലല്ല’ എന്ന വരികളും 'സുഭാഷേ…" എന്ന വിളികളും കാതിലും മനസിലും മുഴങ്ങും. ഇതൊക്കെ തന്നെയാണ് ഗുണ കേവിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
ഗുണ എന്ന ചിത്രത്തിന് ശേഷമാണ് 2006ൽ എറണാകുളത്ത് നിന്ന് ഒരു സംഘം യുവാക്കൾ ഇവിടേയ്ക്ക് ഉല്ലാസ യാത്ര പുറപ്പെടുന്നത്. വലിയ ദുരന്തത്തിലും തുടര്‍ന്ന് അത്ഭുത രക്ഷപ്പെടലിലുമാണ് ഇവരുടെ യാത്ര അവസാനിച്ചത്. മഞ്ഞുമ്മലിൽ നിന്നുള്ള യുവാക്കളുടെ ആ സാഹസിക യാത്രയാണ് പിന്നീട് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 13 പേര്‍ അപ്രത്യക്ഷമായ ഡെവിൾസ് കിച്ചണിൽ നിന്ന് രക്ഷപ്പെട്ടത് മഞ്ഞുമ്മലിൽ നിന്ന് പോയ സുഭാഷ് മാത്രമാണ്.
ഗുണ കേവിന്റെ യഥാർത്ഥ ആഴവും വ്യാപ്‌തിയും ഇന്നും കൃത്യമായി കണക്കാക്കാനായിട്ടില്ല. ഗുണ കേവിലെ ആഴങ്ങളിൽ ഇതുവരെ 13 പേരെ കാണാതായെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ, പതിനാറോളം പേർ ഗുഹയിലെ ഇടുക്കിൽ വീണു പോയിട്ടുണ്ടെന്നും പറയപ്പെടുന്നു. നിലവിൽ ഗുണ കേവിലേക്ക് ഇറങ്ങാൻ അനുവാദമില്ലെങ്കിലും പുറമെ നിന്ന് കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കൊടൈക്കനാൽ യാത്ര പൂർണ്ണമാകണമെങ്കിൽ നിഗൂഢമായ ഗുണ കേവ് കണ്ടിരിക്കണം.