ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ്; അടിമുടി മാറി കെഎസ്ആര്‍ടിസി

Published : Sep 22, 2025, 11:21 AM IST
KSRTC, travel

Synopsis

ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങിയ നവീകരണങ്ങളിലൂടെ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് കെഎസ്ആര്‍ടിസി. 

തിരുവനന്തപുരം: അടിമുടി മാറ്റത്തിന്റെ പാതയിലാണ് കെഎസ്ആര്‍ടിസി. ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങിയ നിരവധി നൂതനമായ ആശയങ്ങളാണ് കെഎസ്ആര്‍ടിസി ഇപ്പോൾ വിജയകരമായി നടപ്പിലാക്കി വരുന്നത്. കാലാനുസൃതമായി ബസുകളിൽ വരുത്തുന്ന മാറ്റങ്ങളും നവീകരണവുമെല്ലാം യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് തെളിവായി സെപ്റ്റംബര്‍ 8ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം അഥവാ ഓപ്പറേറ്റിംഗ് റവന്യു കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു. ഒറ്റ ദിവസം 10.19 കോടി രൂപയാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്.

ട്രാവൽ കാര്‍ഡ്

നിലവിൽ 1 ലക്ഷത്തിലധികം ആളുകളാണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ട്രാവൽ കാര്‍ഡ് ഉപയോഗിക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും ട്രാവൽ കാർഡ് സഹായിക്കും. ഈ ട്രാവൽ കാർഡിന് 100 രൂപയാണ് ചാർജ്. കാർഡ് വാങ്ങുമ്പോൾ സീറോ ബാലൻസിൽ ആണ് ലഭിക്കുക. അതായത്, കാർഡ് ലഭിച്ച ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള തുക റീചാർജ് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങാം. കാർഡിന് ഒരു വർഷത്തെ കാലാവധിയുണ്ട്.

ഈ ട്രാവൽ കാർഡിൽ റീചാർജ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്. പരമാവധി 3000 രൂപ വരെ നിങ്ങൾക്ക് റീചാർജ് ചെയ്യാം. റീചാർജ് ചെയ്യുമ്പോൾ കെഎസ്ആർടിസി പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്.

ഡിജിറ്റൽ പേയ്മെന്റ്

ട്രാവൽ കാർഡ്‌, യുപിഐ, ഡെബിറ്റ്‌ കാർഡ്‌ എന്നിവ വഴി യാത്രക്കാർക്ക് ഇപ്പോൾ പണം നൽകാം. എവിടേയ്ക്കും ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാനുള്ള സൗകര്യവുമുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്.

ചലോ ആപ്പ്

യാത്രക്കാർ എപ്പോഴും നേരിട്ടിരുന്ന ഒരു പ്രശ്നമാണ് ലൊക്കേഷൻ. ചലോ ആപ്പിലൂടെ യാത്ര ലൊക്കേഷൻ അറിയാൻ സാധിക്കും. ഒരു ലക്ഷത്തിലധികം പേരാണ് ആപ്പ് ഇതിനകം ആപ്പ് ഡൗൺലോ‍ഡ് ചെയ്തത്. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തിയെന്നും വൈകിയാണോ ഓടുന്നതെന്നുമെല്ലാം ചലോ ആപ്പ് വഴി എളുപ്പത്തിൽ അറിയാൻ സാധിക്കും. ദീർഘദൂര യാത്രക്കാർക്ക് ബസ് എവിടെ എത്തിയെന്നും ബസിന്റെ നമ്പർ, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങളും അറിയാൻ കഴിയും എന്നുള്ളത് ഏറ്റവും ഉപയോഗപ്രദമാണ്.

അതേസമയം, സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന ബഡ്ജറ്റ് ടൂറിസത്തിന് ഈ വർഷത്തെ ഓണക്കാലത്തും വൻ സ്വീകാര്യതയാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഓണം സീസണിൽ മാത്രം കെഎസ്ആർടിസി നേടിയത് 25 ലക്ഷം രൂപയുടെ വരുമാനമാണ്. സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെയുള്ള കണക്കാണിത്. മറ്റ് ജില്ലകളിലെ ബഡ്ജറ്റ് ടൂറിസം യാത്രകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല