
ദില്ലി: ഇന്ത്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളുവിനെയും ഷിംലയെയും ബന്ധിപ്പിക്കുന്ന പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ഉടൻ ആരംഭിക്കും. ഷിംലയെ കുളുവിലേക്കും റെക്കോങ് പിയോയിലേക്കും ബന്ധിപ്പിക്കുന്ന സർവീസ് കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമാണ്. ഷിംലയിലെ സഞ്ജൗലിയിൽ നിന്ന് കുളുവിലെ ഭുണ്ടറിലേക്കും ഷിംലയിൽ നിന്ന് കിന്നൗറിലെ റെക്കോങ് പിയോയിലേക്കും ജനുവരി 14 മുതൽ ഹെറിറ്റേജ് ഏവിയേഷൻ പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷിംല-കുളു റൂട്ടിലെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഒരാൾക്ക് 3,500 രൂപ ചിലവാകും. ഷിംല-റെക്കോങ് പിയോ റൂട്ടിൽ തുടക്കത്തിൽ ഒരാൾക്ക് 4,000 രൂപയായിരിക്കും നിരക്ക് ഈടാക്കുക. ഷിംല-കുളു റൂട്ടിൽ ദിവസവും രണ്ട് സർവീസുകൾ നടത്തും. ഷിംല-റെക്കോങ് പിയോ റൂട്ടിൽ ഒരു ദിവസം ഒരു സർവീസ് മാത്രമായിരിക്കും തുടക്കത്തിൽ ഉണ്ടാകുകയെന്ന് ഹെറിറ്റേജ് ഏവിയേഷന്റെ സ്ഥാപകനും സിഇഒയുമായ രോഹിത് മാത്തൂർ പ്രസ്താവനയിൽ പറഞ്ഞു. ആറ് സീറ്റുകളുള്ള എയർബസ് H125 ഹെലികോപ്റ്ററാണ് സർവീസിന് ഉപയോഗിക്കുക. ഇക്കഴിഞ്ഞ ജനുവരി 8ന് ഇതിന്റെ പരീക്ഷണ ഓട്ടങ്ങൾ നടത്തിയതായും ഹിമാചൽ പ്രദേശ് സർക്കാർ പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയതായും രോഹിത് മാത്തൂർ അറിയിച്ചു.
നിലവിൽ, ഹെറിറ്റേജ് ഏവിയേഷൻ ഉത്തരാഖണ്ഡിൽ 11 പട്ടണങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിദിന റീജിയണൽ കണക്റ്റിവിറ്റി സ്കീം വിമാന സർവീസുകൾ നടത്തുന്നുണ്ട്. അതേസമയം, 2022 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയ്റാം താക്കൂർ ഉദ്ഘാടനം ചെയ്ത സഞ്ജൗലി ഹെലിപോർട്ട് 18 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. എന്നാൽ, ഇതുവരെ ഈ ഹെലിപോർട്ട് പ്രവർത്തനരഹിതമായിരുന്നു. മൊത്തം ചെലവിൽ 12 കോടി രൂപ സ്വദേശ് ദർശൻ പരിപാടിയുടെ ഹിമാലയൻ സർക്യൂട്ടിന് കീഴിലും 6 കോടി രൂപ ഉഡാൻ-2 പദ്ധതിയുടെ കീഴിലുമാണ് ധനസഹായമായി ലഭിച്ചത്.