
യുഎഇയിലെ അബുദാബിയെയും ദുബായിയെയും ബന്ധിപ്പിച്ച് ഇത്തിഹാദ് റെയിലിന്റെ പുതിയ യാത്രാ ട്രെയിൻ സർവീസിന് തുടക്കമായി. ഈ സെപ്റ്റംബർ 30 മുതലാണ് യാത്രക്കാർക്കായുള്ള പുതിയ റെയിൽ സർവീസ് ആരംഭിച്ചത്. ദുബായിൽ നിന്ന് ഫുജൈറയിലേക്കും നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അബുദാബിക്കും ദുബായിക്കും ഇടയിൽ പതിവായി യാത്ര ചെയ്യുന്നവർക്കും യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും പുതിയ യാത്രാ സൗകര്യം ഏറെ പ്രയോജനപ്പെടും.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലുള്ള അൽ യലായിസ് സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ്. ഇരുദിശകളിലുമായി പ്രതിദിനം അഞ്ച് ട്രെയിനുകളാണ് സർവീസ് നടത്തുക. ഒരു മണിക്കൂറിലേറെ സമയമാണ് യാത്രയ്ക്ക് വേണ്ടിവരിക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക.
അബുദാബിയിൽനിന്ന് ട്രെയിനുകൾ 6:43 am, 7:43 am, 12:43 pm, 4:43 pm, 5:43 pm എന്നീ സമയങ്ങളിൽ പുറപ്പെടും. യഥാക്രമം 7:47 am, 8:47 am, 1:47 pm, 5:47 pm, 6:47 pm സമയങ്ങളിൽ ദുബായിൽ എത്തിച്ചേരും. ദുബായിൽനിന്നുള്ള സർവീസുകൾ 6:14 am, 7:14 am, 1:14 pm, 5:14 pm, 6:14 pm എന്നീ സമയങ്ങളിലാണ്. ഈ ട്രെയിനുകൾ യഥാക്രമം 7:18 am, 8:18 am, 2:18 pm, 6:18 pm, 7:18 pm സമയങ്ങളിൽ അബുദാബിയിലെത്തും.
ദുബായിൽനിന്ന് ഫുജൈറയിലേക്കുള്ള നേരിട്ടുള്ള സർവീസും സെപ്റ്റംബർ 30 മുതൽ ആരംഭിച്ചു. ദുബായിൽനിന്ന് 1:57 pm-ന് പുറപ്പെടുന്ന ട്രെയിൻ 3:07 pm-ന് ഫുജൈറയിലെത്തും. ഏകദേശം 70 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടത്. ഇതോടെ യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്ക് ദുബായിൽനിന്ന് നേരിട്ടുള്ള റെയിൽ ബന്ധവും ലഭ്യമായി.
ഒരു ട്രെയിനിൽ 400 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിൽ 56 സീറ്റുകൾ കംഫർട്ട് ക്ലാസിനും 16 സീറ്റുകൾ പ്രീമിയം ക്ലാസിനുമാണ്. യാത്രക്കാർക്ക് ആവശ്യാനുസരണം വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാം.
കംഫർട്ട് ക്ലാസ് ടിക്കറ്റിന് 29 ദിർഹം മുതലാണ് നിരക്ക്. പ്രീമിയം ക്ലാസ് ടിക്കറ്റിന് 89 ദിർഹമാണ് നിരക്ക്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപ്പന യന്ത്രങ്ങൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രാ തീയതി മാറ്റം, സീറ്റ് തിരഞ്ഞെടുപ്പ്, റീഫണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സൗകര്യം ലഭിക്കുന്ന തരത്തിൽ സേവര്‍, വാല്യു, ഫ്ലെക്സ് എന്നീ വ്യത്യസ്ത നിരക്ക് വിഭാഗങ്ങളും യാത്രക്കാർക്ക് തിരഞ്ഞെടുക്കാം.