'ആരും എന്നെ മോശമായി നോക്കിയില്ല, സ്ത്രീകൾക്ക് ഇവിടം സുരക്ഷിതം'; കേരളത്തെ പുകഴ്ത്തി വനിതാ സഞ്ചാരി

Published : Oct 01, 2025, 04:27 PM IST
Female traveller

Synopsis

സ്ത്രീ യാത്രക്കാർക്ക് കേരളം വളരെ സുരക്ഷിതമാണെന്നും, യാത്ര ചെയ്തപ്പോൾ നാട്ടുകാർ സൗഹൃദപരമായി പെരുമാറിയെന്നും വനിതാ സഞ്ചാരി പറഞ്ഞു. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് കേരളത്തെ പ്രശംസിക്കുന്ന പോസ്റ്റ് വന്നിരിക്കുന്നത്.

യാത്രകൾ എന്നത് എപ്പോഴും സ്പെഷ്യലാണ്. മനസ്സിനെ സ്വതന്ത്രമായി തുറന്നുവിടാനും സുരക്ഷിതത്വത്തിന്റെ ചിറകുകൾ നഷ്ടപ്പെടാത്ത പുതിയ ഇടങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാ​ഗം കൂടിയാണ് യാത്രകൾ. ഇപ്പോൾ ഇതാ ഒരു വനിതാ സഞ്ചാരി തന്റെ കേരള യാത്രയെ കുറിച്ച് റെഡ്ഡിറ്റിൽ (r/SoloTravel_India) പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധേയമാകുകയാണ്. തന്നെ പോലെയുള്ള സ്ത്രീ യാത്രക്കാർക്ക് കേരളം സുരക്ഷിതമാണെന്ന് അവർ പറഞ്ഞു. സ്ത്രീ യാത്രക്കാർക്ക് കേരളം എത്രത്തോളം സുരക്ഷിതമാണെന്ന് അടിവരയിടുന്ന പ്രതികരണമാണിത്.

2023-ന്റെ തുടക്കത്തിൽ വർക്കല, തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തിയിരുന്നു. ഈ വർഷം അവർ മൂന്നാർ, തേക്കടി, ആലപ്പുഴ, സൂര്യനെല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് എത്തിയത്. ഒരു കൂട്ടുകാരി മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും യാത്രയിലൊരിടത്തും തങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. ‘നാട്ടുകാർ വളരെ സൗഹൃദപരവും സഹായമനസ്കരുമായിരുന്നു. ആരും എന്നെ ഒരു ആകർഷണവസ്തുവായി കാണാൻ ശ്രമിക്കുകയോ, മോശമായി നോക്കുകയോ ചെയ്തില്ല. എല്ലായിടത്തും ഈ മനോഭാവം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു’. അവർ കുറിച്ചു.

ചിലയിടങ്ങളിൽ ഭാഷ ഒരു പ്രശ്നമായി തോന്നിയെങ്കിലും, ആശയവിനിമയം നടത്താൻ നാട്ടുകാർ ആത്മാർത്ഥമായി ശ്രമിച്ചെന്ന് അവർ പറഞ്ഞു. ചിലപ്പോഴൊക്കെ മുറിഞ്ഞ ഹിന്ദി ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള പ്രദേശവാസികളുടെ ശ്രമങ്ങൾ ഏറെ സന്തോഷം നൽകിയെന്നും അവർ പറഞ്ഞു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ശുചിത്വത്തെക്കുറിച്ചും കേരളം വാഗ്ദാനം ചെയ്യുന്ന സമ്പന്നവും വൈവിധ്യമാർന്നതുമായ സംസ്കാരത്തെക്കുറിച്ചും അവർ മതിപ്പോടെയാണ് സംസാരിച്ചത്. ‘കേരളം എല്ലാവർക്കും എന്തെങ്കിലും നൽകുന്നു. ഞങ്ങൾക്കൊരിക്കലും വിരസത തോന്നിയില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഇവിടം വൃത്തിയുള്ളതും പുതുമയുള്ളതും സുരക്ഷിതവുമാണ്. തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലം’. അവർ അഭിപ്രായപ്പെട്ടു.

കേരളം സന്ദർശിച്ച നിരവധി ഉപയോക്താക്കൾ പോസ്റ്റിന് താഴെ സമാനമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ‘ഞാൻ 18 വർഷമായി കേരളത്തിൽ താമസിക്കുന്നു. ഇവിടുത്തെ ആളുകളെയും കാലാവസ്ഥയെയും സ്ഥലത്തെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.’. ഒരു ഉപയോക്താവ് കുറിച്ചു. ‘ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ കേരളം എനിക്ക് സുരക്ഷിതത്വം നൽകി’. മറ്റൊരാൾ അഭിപ്രായപ്പെട്ടത് ഇങ്ങനെ. മറ്റു പലരും കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല