ജർമ്മൻ യാത്ര; ഇന്ത്യക്കാർക്ക് ഇനി ആ കടമ്പയില്ല! വമ്പൻ പ്രഖ്യാപനം മോദിയുടെ ആ ചർച്ചയ്ക്ക് പിന്നാലെ

Published : Jun 07, 2026, 02:54 PM IST
India and Germany

Synopsis

ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ജർമ്മനി പ്രഖ്യാപിച്ചു. 2026 ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം, വിമാനത്താവളത്തിലെ ട്രാൻസിറ്റ് മേഖലയിൽ മാത്രം ഒതുങ്ങുന്നതാണ്.  

ന്ത്യൻ പൗരന്മാർക്ക് വലിയ യാത്രാ സൗകര്യം ഒരുക്കുന്ന സുപ്രധാന തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജർമ്മനി. ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (Airport Transit Visa)യുടെ ആവശ്യമില്ല.   ജൂൺ 3 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ രൺധീർ ജയ്സ്വാൾ സാമൂഹിക മാധ്യമമായ എക്സിൽ (X) നടത്തിയ പ്രസ്താവനയിൽ ജർമ്മനിയുടെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി വഴി വ്യോമമാർഗം മാത്രം ട്രാൻസിറ്റ് ചെയ്യുമ്പോൾ ട്രാൻസിറ്റ് വിസയുടെ ആവശ്യം ഒഴിവാക്കുന്നതാണ് പുതിയ തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിൽ 2026 ജനുവരിയിൽ ഇന്ത്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾക്കിടയിലെ ബന്ധവും യാത്രാ സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇതുവരെ ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന നിരവധി ഇന്ത്യൻ യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ നേടുന്നതിനായി അധിക രേഖകൾ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണമായിരുന്നു. പലപ്പോഴും ഇത് യാത്രാ പദ്ധതികളിൽ തടസങ്ങൾക്കും അധിക ചെലവുകൾക്കും കാരണമായിരുന്നു. പുതിയ തീരുമാനം ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ട്രാൻസിറ്റ് വിസ ഒഴിവാക്കിയതുകൊണ്ട് ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനിയിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാൻ സാധിക്കുമെന്ന് അർത്ഥമില്ല. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ട്രാൻസിറ്റ് മേഖലയ്ക്കുള്ളിൽ മാത്രം തുടരാനാകും. വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനോ ജർമ്മനിയിൽ പ്രവേശിക്കുന്നതിനോ ആവശ്യമായ വിസ നിയമങ്ങൾ മുൻപുപോലെ തന്നെ തുടരും.

യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ ജർമ്മനിയിലെ പ്രധാന വിമാനത്താവളങ്ങളെ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2026 ഏപ്രിലിൽ ഫ്രാൻസും സമാനമായ ഇളവ് പ്രഖ്യാപിച്ചിരുന്നു. അതോടെ ഫ്രാൻസ് വഴിയുള്ള ട്രാൻസിറ്റ് യാത്രകൾക്കും ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസയുടെ ആവശ്യം ഇല്ലാതായിരുന്നു. ജർമ്മനിയുടെ പുതിയ തീരുമാനം യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ യാത്രാ ബന്ധം കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വിമാന ഇന്ധന വില; എയർലൈൻസുകൾക്ക് താത്കാലിക ആശ്വാസം
വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃത‍ർ, ആഴ്ചയിൽ രണ്ടുതവണ ശ്രീനഗ‍ർ വിമാനത്താവളം അടച്ചിടും