
ഹൈവേ യാത്രക്കാരെ കാത്തിരിക്കുന്ന വലിയ മാറ്റത്തിന് ഒരുങ്ങി രാജ്യം. ടോൾ പ്ലാസകളിൽ വാഹനം നിർത്തി പണം നൽകേണ്ട സാഹചര്യം ഒഴിവാക്കുന്ന പുതിയ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഫാസ്‍ടാഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം, എഐ അധിഷ്‍ഠിത വിശകലന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചാകും പുതിയ സംവിധാനം പ്രവർത്തിക്കുക.
നിലവിലെ ടോൾ പ്ലാസകളിലെ തിരക്കും വാഹനങ്ങളുടെ വേഗത കുറയ്ക്കേണ്ട സാഹചര്യവും ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വാഹനങ്ങൾ ടോൾ ഗേറ്റുകളിൽ നിർത്താതെ തന്നെ കടന്നുപോകുമ്പോൾ, വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഫാസ്ടാഗ് വിവരങ്ങളും ഉപയോഗിച്ച് ടോൾ തുക ഓട്ടോമാറ്റിക്കായി ഈടാക്കും.
പുതിയ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനത്തിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫാസ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ), എഐ അനലിറ്റിക്സ് എന്നിവയും ഉപയോഗിക്കും. വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ക്യാമറകൾ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും ഫാസ്ടാഗുമായി ബന്ധിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടോൾ തുക കണക്കാക്കി ഈടാക്കുകയും ചെയ്യും. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര കൂടുതൽ വേഗത്തിലും സുഗമവുമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ 17 ടോൾ പ്ലാസകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള കരാറുകൾ സർക്കാർ ഇതിനകം നൽകിയിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലെ ചൗരാസി ടോൾ പ്ലാസ, ഡൽഹിയിലെ മുണ്ട്ക, ഹരിയാനയിലെ ഘരൗണ്ട, രാജസ്ഥാനിലെ മനോഹർപുര, ദൗലത്പുര എന്നിവിടങ്ങളിൽ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 104 ടോൾ പ്ലാസകളിൽ കൂടി ഈ സാങ്കേതികവിദ്യ നടപ്പാക്കുന്നതിനായി സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഷാജഹാൻപുര്‍, തമിഴ്നാട്ടിലെ നെമിലി, ശ്രീപെരുമ്പുദൂർ, ചെന്നസമുദ്രം, പരനൂർ, ആന്ധ്രാപ്രദേശിലെ കാസേപ്പള്ളി, അംകത്താഡു, മാരൂർ, മഹാരാഷ്ട്രയിലെ ചാലക്വാഡി, ഹിവർഗാവ് പവാസ, ഹരിയാനയിലെ ബദർപൂർ-ഫരീദാബാദ്, ഗുജറാത്തിലെ ബോറിച്ച്, അസമിലെ മദൻപുര്‍ എന്നിവിടങ്ങളാണ് പുതിയ സംവിധാനത്തിനായി പരിഗണിച്ചിരിക്കുന്ന പ്രധാന ടോൾ പ്ലാസകൾ.
ഫാസ്‍ടാഗ് വാർഷിക പാസ് പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 2025 ഓഗസ്റ്റ് 15ന് ആരംഭിച്ച പദ്ധതി സ്വകാര്യ ഉപയോഗത്തിനുള്ള കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഉടമകൾക്കായാണ് അവതരിപ്പിച്ചത്. 2026 ജൂൺ വരെ 77 ലക്ഷത്തിലധികം വാർഷിക പാസുകൾ വിതരണം ചെയ്തതായും ദേശീയപാതകളിൽ 63 കോടിയിലധികം ടോൾ ഇടപാടുകൾ പൂർത്തിയായതായും കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഇലക്ട്രോണിക് ടോൾ പിരിവിന്റെ ഏകദേശം 33 ശതമാനവും വാർഷിക പാസ് വഴിയാണ് നടക്കുന്നത്. ദേശീയപാതകളിലെ ടോൾ പിരിവിന്റെ 98 ശതമാനത്തിലധികവും ഇതിനകം ഫാസ്‍ടാഗ് വഴിയാണ് നടക്കുന്നത്.
എഐയും എഎൻപി.ആർ സാങ്കേതികവിദ്യയും കൂടി ഉൾപ്പെടുത്തിയ പുതിയ സംവിധാനം വ്യാപകമാകുന്നതോടെ ടോൾ പ്ലാസകളിലെ നീണ്ട നിരകൾക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ഹൈവേ യാത്ര കൂടുതൽ വേഗതയേറിയതും തടസരഹിതവുമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.