
ദില്ലി: ഒരു യാത്രയ്ക്ക് തയ്യാറെടുത്ത ശേഷം റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ നിങ്ങളുടെ ട്രെയിൻ വൈകിയാണ് ഓടുന്നതെന്ന് അറിയുന്നത് അത്ര സുഖകരമായ കാര്യമായിരിക്കില്ല. ട്രെയിനുകളുടെ വൈകൽ യഥാർത്ഥത്തിൽ ക്ഷമ പരീക്ഷിക്കുന്ന ഒന്നാണ്. അറിയിപ്പുകൾ കേൾക്കുകയും ഇൻഡിക്കേറ്റർ ബോർഡിലേക്ക് പ്രതീക്ഷയോടെ നോക്കുന്നതും വാച്ച് നിരന്തരം പരിശോധിക്കുന്നതുമെല്ലാം ഈ കാത്തിരിപ്പിന്റെ ഭാഗമാണ്. കാത്തിരിപ്പ് പിന്നീട് ഒരു തരം ക്ഷീണമായി മാറും. എന്നാൽ, ട്രെയിൻ വൈകിയാണ് എത്തുന്നതെങ്കിൽ നിങ്ങളുടെ ക്ഷീണം ഇന്ത്യൻ റെയിൽവേ മാറ്റിത്തരും.
ഐആർസിടിസി കാറ്ററിംഗ് പോളിസി പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനപ്പുറം രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം ലഭിക്കാൻ അർഹതയുണ്ട്. ജനുവരി 8ന്, ഒരു യാത്രക്കാരൻ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന വ്യക്തി തന്റെ ട്രെയിൻ ആറ് മണിക്കൂർ വൈകിയതിനാൽ, ഉച്ചഭക്ഷണം സൗജന്യമായി ലഭിച്ചതായി വെളിപ്പെടുത്തി.
‘നിങ്ങളുടെ ട്രെയിൻ 2 മണിക്കൂറിൽ കൂടുതൽ വൈകിയാൽ, വൈകിയ സമയത്തെ ആശ്രയിച്ച് നിങ്ങൾക്ക് സൗജന്യ ഭക്ഷണം (പ്രഭാതഭക്ഷണം/ഉച്ചഭക്ഷണം/അത്താഴം) ലഭിക്കും. എന്നിരുന്നാലും, ഈ പോളിസി രാജധാനി, തുരന്തോ, ശതാബ്ദി പോലെയുള്ള പ്രീമിയം ട്രെയിനുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു’. യാത്രക്കാരൻ പറയുന്നു. ഉച്ചഭക്ഷണത്തിന്റെ ഒരു ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
മറ്റ് ഐആർസിടിസി സൗകര്യങ്ങൾ
ട്രെയിൻ ദീർഘനേരം വൈകുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ റദ്ദാക്കാനും മുഴുവൻ തുകയും തിരികെ ലഭിക്കാനും അവസരമുണ്ട്. ട്രെയിനുകൾ 3 മണിക്കൂറിൽ കൂടുതൽ വൈകിയാലാണ് ഈ സൗകര്യം ബാധകമാകുക. ബുക്കിംഗിനായി ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലൂടെയാണ് റീഫണ്ടുകൾ പ്രോസസ്സ് ചെയ്യുന്നത്. കൂടാതെ, യാത്രക്കാർക്ക് അധിക ഫീസ് നൽകാതെ തന്നെ വെയിറ്റിംഗ് ഹാളുകളിലേക്ക് പ്രവേശിക്കാം. ഭക്ഷണ കൗണ്ടറുകൾ സാധാരണ പ്രവർത്തന സമയത്തിനപ്പുറം തുറന്നിരിക്കും. പ്രത്യേകിച്ച് രാത്രി വൈകിയാണ് കാലതാമസം ഉണ്ടാകുന്നതെങ്കിൽ.