
ദില്ലി: യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 11,535 കോച്ചുകളിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഏകദേശം 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
"ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. ഓരോ പ്രവേശന വഴിയിലും രണ്ട് ക്യാമറകൾ വീതം സ്ഥാപിക്കും. ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. ലോക്കോമോട്ടീവിന്റെ മുൻവശത്തും പിൻവശത്തും ഇരുവശത്തും ഓരോ ക്യാമറയും ഓരോ ക്യാബിലും ഒന്ന് വീതവും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഉണ്ടായിരിക്കുമെന്ന് ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
സിസിടിവി ക്യാമറകൾക്ക് സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും, കൂടാതെ ഏറ്റവും പുതിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ സ്പെസിഫിക്കേഷൻ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. 100 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ ഓടുന്ന ട്രെയിനുകൾക്ക് പോലും ഈ ക്യാമറകൾ ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ നൽകുമെന്നും ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകളുള്ള സിസിടിവി ക്യാമറകൾക്കായുള്ള ചെലവ് ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയായ ശേഷം മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. ഇത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോച്ചുകളിലെ സിസിടിവി ക്യാമറകൾ വാതിലുകൾക്ക് സമീപമുള്ള മേഖലയിൽ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും ഭദ്രതയും മെച്ചപ്പെടുത്തുക എന്നതാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങൾ, നാശനഷ്ടങ്ങൾ വരുത്തുന്നത്, മോഷണം എന്നിവ കുറയ്ക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണത്തിൽ സഹായകമാകുന്നതിനും ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.