ഇന്ത്യയിലെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന് ഇന്ന് തുടക്കം

Published : Oct 17, 2025, 11:03 AM IST
Yaanam literray festival

Synopsis

കേരള ടൂറിസം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവലായ 'യാനം' ഇന്ന് ആരംഭിക്കുന്നു. വർക്കലയിൽ നടക്കുന്ന മേള മൂന്ന് ദിവസം നീണ്ടുനിൽക്കും. 

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവലായ 'യാനം' ഇന്ന് വർക്കലയിൽ ആരംഭിക്കും. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാകും. വൈകിട്ട് 3.30 ന് വർക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19 വരെയാണ് മേള. വി. ജോയ് എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ നടിയും ട്രാവൽ വ്ലോഗറുമായ അനുമോൾ മുഖ്യാതിഥിയായിരിക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന 'ഇൻ സെർച്ച് ഓഫ് സ്റ്റോറീസ് ആൻഡ് ക്യാരക്ടേഴ്സ്' എന്ന ആദ്യ സെഷൻ ശ്രദ്ധേയമാകും. ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, എഴുത്തുകാരി കെ.ആർ. മീര, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവർ ഈ ചർച്ചയിൽ പങ്കെടുക്കും. തുടർന്ന്, വൈകിട്ട് 6.30 ന് പ്രസിദ്ധ സിനിമാ പിന്നണി ഗായകൻ ഷഹബാസ് അമന്റെ നേതൃത്വത്തിൽ 'ഷഹബാസ് പാടുന്നു' എന്ന സംഗീത പരിപാടിയും അരങ്ങേറും.

'സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എന്നതാണ് ഫെസ്റ്റിവലിന്റെ കേന്ദ്ര പ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് 'യാന'ത്തിന്റെ പ്രത്യേകത. ട്രാവൽ വ്ലോഗർമാർ, യാത്രാ ജേർണലിസ്റ്റുകൾ, ട്രാവൽ ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും മേളയ്ക്ക് മാറ്റു കൂട്ടും. വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും ഉണ്ടാകും.

എഴുത്തുകാർ, കലാകാരൻമാർ, ഡോക്യുമെന്ററി സംവിധായകർ, വ്ലോഗർമാർ, സാഹസിക സഞ്ചാരികൾ, പാചകരംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും. എഴുത്ത്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിൽ പരിശീലന കളരികളും 'യാന'ത്തിന്റെ ഭാഗമായി നടക്കും. യാത്രാസാഹിത്യ മേഖലയിൽ കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനായി അടയാളപ്പെടുത്താനാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും: keralatourism.org/yaanam.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
മലമുകളിലെ 'ഡോൾഫിൻ ഷോ'